കൊറോണയ്ക്കു പിന്നാലെ വരൾച്ചയും; വെള്ളത്തിന് പൊന്നുംവില

Mail This Article
നെടുങ്കണ്ടം ∙ വേനൽച്ചൂട് കടുത്തതോടെ ഹൈറേഞ്ച് മേഖല വരൾച്ചയുടെ പിടിയിലായി. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ മാത്രം വേനൽമഴ ലഭിച്ചതൊഴിച്ചാൽ ഹൈറേഞ്ച് ഡിസംബർ മാസം മുതൽ ജലക്ഷാമത്തിന്റെ പിടിയിലാണ്. ജലനിധി പദ്ധതികൾ പലതും നോക്കുകുത്തികളാകുമ്പോൾ വീട്ടമ്മമാർ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. അതിർത്തി മേഖലയായ കരുണാപുരം പഞ്ചായത്തിലാണ് ജല ദൗർലഭ്യം രൂക്ഷമായത്. നെടുങ്കണ്ടം, പാമ്പാടുംപാറ, ഉടുമ്പൻചോല പഞ്ചായത്തുകളുടേയും സ്ഥിതി വിഭിന്നമല്ല. മേഖലയിലെ പൊതു ശുദ്ധജല സ്രോതസ്സുകളടക്കം മിക്കതും വറ്റി വരണ്ടു കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനൽച്ചൂട് അധികമായതാണ് ശുദ്ധജല ക്ഷാമത്തിന് കാരണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ചെറിയ ചെറിയ ശുദ്ധജല പദ്ധതികളും കുഴൽക്കിണറുകളും ഉണ്ടെങ്കിലും വേനലിന്റെ കാഠിന്യം മൂലം ഇവയിലെ വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

വെള്ളത്തിന് പൊന്നുംവില
ശുദ്ധജലം മിക്കവരും വിലകൊടുത്ത് വാങ്ങുകയാണ് . ജനുവരി മുതൽ തന്നെ ജീപ്പുകളിലും മറ്റും വീട്ടാവശ്യത്തിനുള്ള വെള്ളം വാങ്ങിത്തുടങ്ങിയിരുന്നു. ഈ ഇനത്തിൽ വൻ തുകയാണ് ഹൈറേഞ്ച് നിവാസികൾക്ക് ചെലവാകുന്നത്. 1000 ലീറ്റർ വെള്ളത്തിനായി 700 രൂപ വരെ കൊടുക്കേണ്ടതായി വരുന്നു. കർഷകരും തൊഴിലാളികളും തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും കുടിവെള്ളത്തിനായി മാറ്റിവയ്ക്കുകയാണ്. കൂലിവേല കഴിഞ്ഞെത്തി വീട്ടാവശ്യത്തിനുള്ള വെള്ളം കിലോമീറ്ററുകൾ അകലെ നിന്നും തലച്ചുമടായി എത്തിക്കുന്നവരും നിരവധിയാണ്.
ജലദൗർലഭ്യം മൂലം കന്നുകാലികളെ പല കർഷകരും വിറ്റു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുദ്ധജലക്ഷാമം അതിരൂക്ഷമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ഈ അവസ്ഥ തുടർന്നാൽ മേയ് മാസം ആകുന്നതോടെ പണം മുടക്കിയാൽ പോലും വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. പ്രധാന ജലസ്രോതസ്സായ കല്ലാർ പുഴ വറ്റി വരണ്ടു. ആറിന്റെ കൈവഴികളായ പാലാർ, കൂട്ടാർ, അല്ലിയാർ പുഴകളിലെ നീരൊഴുക്ക് പൂർണമായും ഇല്ലാതായി.
ഫയലിൽ 2 പദ്ധതികൾ
ഹൈറേഞ്ചിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുന്ന 2 ബൃഹത് പദ്ധതികൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. നെടുങ്കണ്ടം, ഉടുമ്പൻചോല, കരുണാപുരം പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളിൽ ശുദ്ധജലം എത്തിക്കാൻ ലക്ഷ്യമിട്ട് സർവേ നടപടികൾ നടത്തിയ പെരിഞ്ചാംകുട്ടി പദ്ധതി എങ്ങും എത്തിയില്ല. പെരിഞ്ചാംകുട്ടിയിൽ തടയണ നിർമിച്ച് നാല് സ്റ്റേജുകളിൽ ടാങ്ക് നിർമിച്ച് ജല വിതരണം നടത്താനാണ് ജല അതോറിറ്റി പദ്ധതിയിട്ടത്. എന്നാൽ ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചില്ല. ആനയിറങ്കൽ ഡാമിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് 5 പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജലം നൽകാനുള്ള പദ്ധതിയുടെ പ്രാരംഭ സർവേ പൂർത്തിയായെങ്കിലും തുടർനടപടി ആയിട്ടില്ല. ഈ 2 പദ്ധതികൾക്കും കോടിക്കണക്കിന് രൂപ വേണ്ടി വരുമെന്നതും സ്ഥലമേറ്റെടുക്കലിന്റെ നൂലാമാലകളുമാണ് ഇവ ഫയലിലുറങ്ങാൻ ഇടയാക്കുന്നത്.
‘മെലിഞ്ഞുണങ്ങി’പെരിയാർ
പെരിയാർ നദി വറ്റി വരണ്ടു, ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതി വഴിയുളള ജലവിതരണം ഉൾപ്പെടെ പ്രതിസന്ധിയിലേക്ക് . പെരിയാറിൽ നീരൊഴുക്ക് ദിവസേന കുറയുന്നതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിക്കുന്നത് . വളളക്കടവു മുതൽ അയ്യപ്പൻകോവിൽ വരെയുളള തീരപ്രദേശത്തെ നൂറൂക്കണക്കിന് കുടുംബങ്ങൾ ദൈനംദിന കാര്യങ്ങൾക്ക് ആറ്റിലെ വെളളം ആണ് ഉപയോഗിക്കുന്നത് . കൂടാതെ പെരിയാറിലെ ആനക്കയം കുളത്തിൽ നിന്നാണ് ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിലേക്കു വെളളം പമ്പിങ് നടത്തുന്നതും . പ്രധാന പമ്പ് ഹൗസിൽ ശേഖരിക്കുന്ന വെളളം ശുദ്ധീകരിച്ചതിനു ശേഷം പീരുമേട്,ഏലപ്പാറ, വണ്ടിപ്പെരിയാർ ,പെരുവന്താനം ,കൊക്കയാർ, പഞ്ചായത്തുകളിലെ 6 വില്ലേജുകളിലാണ് ശുദ്ധജല വിതരണം നടത്തി വരുന്നത് . പെരിയാറിൽ നീരൊഴുക്ക് കുറയുന്നത് ആനക്കയത്തെ ജലലഭ്യതയെ ബാധിക്കും . ഇതു വരും ദിവസങ്ങളിൽ പമ്പിങ്, ജലവിതരണം എന്നിവയെ തടസ്സപ്പെടുത്തിയേക്കും . തീരദേശത്തെ ചെറുകിട കർഷകരും വിളകൾ നനയ്ക്കാൻ കഴിയാതെ വെട്ടിലായി കഴിഞ്ഞു .ഇതിനു പുറമേ വേനൽക്കാലത്ത് ആറ്റിൽ കുഴികൾ കുഴിച്ചും, കയങ്ങളിൽ നിന്നും വെളളം ശേഖരിക്കുന്ന പ്രദേശവാസികളും ബുദ്ധിമുട്ടിലായി .