സ്ഥിരം അപകടപാതയായി മലയോര ഹൈവേ

Mail This Article
ചെറുപുഴ∙ മലയോര ഹൈവേയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ യാത്രക്കാരെ ഭീതിയിലാക്കുന്നു. പാക്കഞ്ഞിക്കാട് വളവിലും സമീപത്തും ഉണ്ടാകുന്ന വാഹനാപകടങ്ങളാണു യാത്രക്കാരെ ഭയപ്പാടിലാക്കുന്നത്. മുൻപ് ഇവിടെ ഉണ്ടായ വാഹനാപകടങ്ങളിൽ ഏഴിലേറെ യാത്രക്കാർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കൊടുംവളവായതിനാൽ ഇരുഭാഗത്തും നിന്നു വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത സ്ഥിതിയാണ്.
ഇതാണ് അപകടം വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമെ റോഡിന്റെ ഇരുഭാഗത്തും ഇറക്കമായതിനാൽ വാഹനങ്ങൾ വേഗത്തിലാണു സഞ്ചരിക്കുന്നത്. ഇതും അപകടത്തിനു കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു. മുൻ കാലങ്ങളിൽ കുറച്ചു വാഹനങ്ങൾ മാത്രമാണു ഇതുവഴി കടന്നു പോയിരുന്നത്. എന്നാൽ മലയോര ഹൈവേയായതോടെ വാഹനത്തിരക്കും ഏറെ വർധിച്ചു. ഇപ്പോൾ നൂറു കണക്കിനു വാഹനങ്ങളാണു ദിവസവും ഇതുവഴി പോകുന്നത്.
അപകട വളവായിട്ടും പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തിരുമേനി, ആലക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയാണിത്. അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നാണു യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം .