ADVERTISEMENT

തുറക്കാൻ തടസ്സങ്ങൾ പലത്

കണ്ണൂർ∙ സിനിമാ തിയറ്ററുകൾ 5  മുതൽ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിൽ ബിഗ് സ്ക്രീനിൽ വീണ്ടും സിനിമയുടെ വസന്തം വിടരാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

പുതിയ സിനിമകൾ റിലീസിനില്ലാത്തതും വിതരണക്കാർ സിനിമ നൽകാൻ തയാറാകാത്തതും പകുതി സീറ്റുകളിൽ മാത്രം ആളെ വച്ച് സിനിമ കാണിക്കേണ്ടി വരുന്നതുമാണു തിയറ്റർ നടത്തിപ്പുകാരുടെ മുന്നിലുള്ള പ്രശ്നങ്ങൾ. ഇതു പരിഹരിക്കപ്പെടുന്നതോടെയേ തിയറ്ററുകൾ പഴയ നിലയിലാകൂ.

വിജയ് തുണയ്ക്കുമോ

റിലീസാകാനിരിക്കുന്ന വിജയ് ചിത്രം ‘മാസ്റ്റ’റിനു വേണ്ടിയുള്ള കാത്തിരിപ്പിലാണു ചില തിയറ്ററുകൾ. മലയാളം സിനിമകൾ റിലീസാകുകയും തിയറ്ററുകൾക്കു നൽകാൻ വിതരണക്കാർ തയാറാകുകയും ചെയ്താൽ സിനിമ പ്രദർശിപ്പിക്കുന്നതിൽ തടസ്സമില്ലെന്നാണു ചില തിയറ്റർ ഉടമകളുടെ നിലപാട്.

10 മാസമായി അടച്ചിട്ട തിയറ്ററുകൾ പ്രവർത്തന സജ്ജമാക്കാൻ സമയം വേണ്ടി വരുന്നതും പ്രശ്നമാണ്. പകുതി ആളുകളെ പ്രവേശിപ്പിച്ച് സിനിമ പ്രദർശിപ്പിക്കുന്നതു കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് തിയറ്റർ ഉടമകൾ ഒരേ സ്വരത്തിൽ പറയുന്നത്. 

സഹകരിക്കേണ്ടത് സംഘടനകൾ

തിയറ്റർ ഉടമകൾ മാത്രം വിചാരിച്ചാൽ തുറക്കാൻ കഴിയുന്ന സാഹചര്യമല്ല മുന്നിലുള്ളത്. സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ സഹകരണം കൂടി അത്യാവശ്യമാണ്. തിയറ്റർ ഉടമകളുടെ സംഘടനയുടെ യോഗം 5ന് ചേരുന്നുണ്ട്. അതിനു ശേഷമേ തിയറ്ററുകളിൽ എന്നു മുതൽ സിനിമ പ്രദർശിപ്പിക്കുമെന്ന അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പുതിയ പടങ്ങൾ നൽകാൻ തയാറല്ല. അവർ സർക്കാരിനു മുൻപിൽ നൽകിയ ആവശ്യങ്ങൾ അംഗീകരിക്കാതെ പടങ്ങൾ നൽകില്ലെന്ന നിലപാടിലാണ്. ഇൗ സാഹചര്യത്തിൽ തമിഴ് പടങ്ങൾ കിട്ടുകയാണെങ്കിൽ 10ന് ശേഷം തുറക്കാനാകുമോ എന്ന ആലോചനയിലാണ് ഉടമകൾ. അടച്ചിട്ട തിയറ്ററുകളിൽ‍ നവീകരണ ജോലികൾ ആരംഭിച്ചു.

തൊഴിലാളികളിൽ ചിലർ തിയറ്റർ പൂട്ടിയതോടെ മറ്റു ജോലികളിലേക്കു തിരിഞ്ഞു. ഇവരിൽ ചിലർ തിരിച്ചെത്തും. എന്നാൽ പലരും മറ്റു മേഖലകളിലാണിപ്പോൾ. ലക്ഷക്കണക്കിനു രൂപ മുടക്കിയാൽ മാത്രമേ പ്രവർത്തനം ആരംഭിക്കാനാകുകയുള്ളുവെന്ന് ഉടമകൾ പറയുന്നു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com