എല്ലാ ജില്ലകളിലും രാജ്യാന്തര സ്റ്റേഡിയം ഒരുക്കും: മന്ത്രി ഇ.പി.ജയരാജൻ

Mail This Article
കൂത്തുപറമ്പ് ∙ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം എന്ന സ്വപ്നം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാനത്ത് സമീപകാലത്തൊന്നുമില്ലാത്ത നിലയിൽ കായിക മേഖലയുടെ വികസനത്തിന് വലിയ ഫണ്ടാണ് സർക്കാർ അനുവദിച്ചത്. ജില്ലാതലത്തിൽ ഉൾപ്പെടെ 24 സ്റ്റേഡിയങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഈ വർഷം 1000 കോടി രൂപയുടെ പദ്ധതികളാണ് നടന്ന് വരുന്നത്. മുൻപൊരിക്കലും ഇല്ലാത്ത നിലയിൽ കായിക മേഖലയിൽ ഉള്ളവർക്ക് ജോലി ലഭ്യമാവുന്ന നിലയും ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായി എന്ന് മന്ത്രി പറഞ്ഞു.
കായിക വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ കിഫ്ബി അനുവദിച്ച 5.34കോടി രൂപ ചെലവിൽ നവീകരിച്ച നഗരസഭ സ്റ്റേഡിയം സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. കായികവകുപ്പ് അഡീ.ഡയറക്ടർ ബി.അജിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.മുരളീധരൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ദേശീയ ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടിക, വി.മിഥുൻ, എന്നിവർ മുഖ്യാതിഥികളായി. ജിബ്ലിങ്ങിൽ ദേശീയ റെക്കോർഡ് നേടിയ കണ്ണൂരിലെ ബി.എൻ.അഖിലയെ മന്ത്രി ജയരാജൻ ഫുട്ബോൾ നൽകി ആദരിച്ചു. നഗരസഭാധ്യക്ഷ വി.സുജാത, വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ,
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ജില്ലാ പ്രസിഡന്റ് കെ.കെ.പവിത്രൻ, അംഗം വി.കെ.സനോജ്, നഗരസഭ മുൻ ചെയർമാൻമാരായ എം.സുകുമാരൻ, എൻ.കെ.ശ്രീനിവാസൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.രജീഷ്, ലിജി സജേഷ്, കെ.അജിത, കെ.കെ.ഷമീർ, എം.വി.ശ്രീജ, മുനിസിപ്പൽ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, വത്സൻ പനോളി, കെ.വി.ഗംഗാധരൻ, സത്യൻ നരവൂർ, സുഷിന മാറോളി, സി.പി.ഒ.മുഹമ്മദ്, മാറോളി ശ്രീനിവാസൻ, എൻ.ധനഞ്ജയൻ, കെ.സന്തോഷ്, എ.ഒ.അഹമ്മദ് കുട്ടി,
സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ഷിനിത്ത് പാട്യം, കായിക – യുവജന ക്ഷേമ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ പ്രസംഗിച്ചു. കിറ്റ്കോ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിൽ പുൽത്തകിടിയും സ്പ്രിംഗ്ലർ സംവിധാനത്തോടെയുള്ള കളിസ്ഥലവും പവിലിയൻ ഗാലറിയുമാണ് ഉള്ളത്.
കളിക്കാർക്കുള്ള മുറിയും ഓഫിസ് മുറിയും ശുചിമുറികളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനകത്തുണ്ട്. ഉദ്ഘാടനത്തൊടനുബന്ധിച്ച് കൂത്തുപറമ്പ് ഇലവനും കൂത്തുപറമ്പ് പൊലീസും തമ്മിലുള്ള പ്രദർശന മത്സരം അരങ്ങേറി. തുടർന്ന് അണ്ടർ 19 ടീമുകളുടെയും സ്പോർട്സ് സ്കൂൾ വനിതാ ടീമുകളുടെയും ഫുട്ബോൾ മത്സരങ്ങൾ പുല്ല് പിടിപ്പിച്ച ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ അരങ്ങേറി.