പഴ വർഗങ്ങളുമായി ലോറി മറിഞ്ഞു, പുറത്തേക്ക് ചിതറിയ ഓറഞ്ചും മുന്തിരിയും കൈക്കലാക്കി യാത്രികർ

Mail This Article
തളിപ്പറമ്പ്∙ മുംബൈയിൽ നിന്ന് ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴ വർഗങ്ങളുമായി തളിപ്പറമ്പിലേക്ക് വരികയായിരുന്ന ലോറി കുപ്പം കപ്പണത്തട്ട് ദേശീയ പാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാതക്കരികിലെ വൈദ്യുതി തൂണുകൾ ഇടിച്ച് തകർത്താണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറെ നിസാര പരുക്കുകളോടെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ലോറിയിൽ നിന്ന് ഓറഞ്ചും മുന്തിരിയും മറ്റും പുറത്തേക്ക് ചിതറിയതോടെ ദേശീയപാത വഴി കടന്ന് പോയ പലരും ഇവ കൈക്കലാക്കി. വിവരമറിഞ്ഞ് വ്യാപാരികൾ എത്തി പഴവർഗങ്ങൾ ലോറിയിൽ നിന്ന് മാറ്റുകയായിരുന്നു. മുൻകാലങ്ങളിൽ നിരവധി വാഹനാപകടങ്ങൾ നടക്കുന്ന കപ്പണ തട്ട് വളവിലായിരുന്നു അപകടം.