സംരക്ഷണമില്ല; കൂത്തുപറമ്പ് സ്റ്റേഡിയം നശിക്കുന്നു

Mail This Article
കൂത്തുപറമ്പ് ∙ കോടികൾ ചെലവഴിച്ച് നിർമിച്ച കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം സംരക്ഷണമില്ലാതെ നശിക്കുന്നു. ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരങ്ങൾക്കു ശേഷം വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ പ്രകൃതിദത്ത പുല്ലുകൾ പൂർണമായും ഉണങ്ങിയും മഴയിൽ കെട്ടും നശിക്കുകയാണ്. ചിലയിടങ്ങളിൽ പുല്ല് പൂർണമായും നശിച്ചു. സ്റ്റേഡിയത്തിലും പുറത്തും പുല്ലും മറ്റ് കളകളും വളർന്നിട്ടും പറിച്ച് കളയാൻ ആളില്ല.
ശാസ്ത്രീയമായ പരിചരണം ലഭിക്കാത്തതിനാനാലാണു പുല്ല് നശിക്കുന്നത് എന്നാണ് ഫുട്ബോൾ പ്രേമികളുടെ പരാതി. രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ സ്റ്റേഡിയം സംരക്ഷിക്കുന്നതിനായി ജില്ലാ സ്പോർട്സ് കൗൺസിലും നഗരസഭയും തമ്മിൽ നേരത്തെ വടംവലി നടന്നിരുന്നു. അഞ്ചര കോടിയോളം രൂപ ചെലവിൽ നവീകരിച്ച ഈ കളിക്കളം വിദഗ്ധർ ഏറെ മെച്ചപ്പെട്ടത് ആണെന്ന് വിലയിരുത്തിയശേഷം ആണു ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന് ആതിഥ്യമരുളിയത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 3 വേദികളിൽ ദേശീയ സീനിയർ വനിതാ ഫുട്ബോൾ മത്സരം നടന്നപ്പോൾ കേരളത്തിലെ വേദികളിൽ ഏറ്റവും മികച്ചത് കൂത്തുപറമ്പിലെ സ്റ്റേഡിയം ആണ് എന്ന് ദേശീയ ഫുട്ബോൾ ഫെഡറേഷൻ അംഗം എം.എസ്.സപ്ന റാണി പറഞ്ഞിരുന്നു. കൂടാതെ കേരള സർക്കാരിനെയും പ്രതിനിധികൾ ഏറെ പ്രശംസിച്ചു. എന്നാൽ ഇന്ന് ഈ സ്റ്റേഡിയം കണ്ടാൽ പ്രതിനിധികൾ എന്താണ് പറയുക?.