ലോറി നിയന്ത്രണം വിട്ടു ട്രാൻസ്ഫോമർ തകർത്ത് കടയിലേക്ക് ഇടിച്ചുകയറി; റോഡിൽ നിറയെ പ്ലാസ്റ്റിക് കവറുകൾ

Mail This Article
പഴയങ്ങാടി∙ നിയന്ത്രണം വിട്ട ചരക്ക് ലോറി പഴയങ്ങാടി പാലത്തിന് സമീപത്തെ ട്രാൻസ്ഫോമർ ഇടിച്ച് തകർത്ത് പഴയങ്ങാടി വ്യാപാര ഭവൻ കെട്ടിടത്തിലെ കടയിലേക്ക് ഇടിച്ച് കയറി. ഇന്നലെ പുലർച്ചെ 5 നാണ് സംഭവം. കടകൾ അടഞ്ഞ് കിടന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കോഴിക്കോട് നിന്ന് ഗുജറാത്തിലേക്ക് പ്ലാസ്റ്റിക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമർ, രണ്ട് ഇരുമ്പ് വൈദ്യുത തൂണുകൾ എന്നിവ തകർന്നു. ട്രാൻസ്ഫോമർ തകർന്നതോടെ ജനം ഭീതിയിലായി. കെഎസ്ഇബി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ അപകടം ഒഴിവാക്കി. ലോറിയിൽ ഉണ്ടായിരുന്നു പ്ലാസ്റ്റിക് കവറുകൾ അപകടസ്ഥലത്ത് ചിതറി വീണു.
ലോറി ഇടിച്ച് കയറിയ വ്യാപാര ഭവൻ കെട്ടിടത്തിലെ സിറ്റിസൻ മെഡിക്കൽസ്, നിസാമിയ കർട്ടൻസ്, സ്റ്റീൽ മാക്സ്, പ്ലൈവുഡ് സെന്റർ എന്നീ സ്ഥാപനങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടമുണ്ടായി. ചില കടകളുടെ ഷട്ടറുകൾ, ബോർഡുകൾ ഉൾപ്പെടെ തകർന്നു. ലോറി ഡ്രൈവർ ഗുജറാത്ത് വാപ്പി സ്വദേശികളായ വികാസ് കുമാർ (32) സഹോദരൻ രാം സുന്ദർ (21) എന്നിവർക്ക് പരുക്കേറ്റു. ഇവർ പഴയങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് പഴയങ്ങാടി ടൗണിൽ രാവിലെ മുതൽ വൈകിട്ട് വരെ ഗതാഗത തടസ്സം നേരിട്ടു. വൈകിട്ട് 6.30നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ട്രാൻസ്ഫോമർ, വൈദ്യുത തൂണുകൾ എന്നിവ തകർന്നതിൽ തന്നെ 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അപകടത്തിൽപെട്ട ലോറി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മറ്റൊരു ലോറിയിൽ രാത്രിയോടെ പ്ലാസ്റ്റിക് കൊണ്ട് പോയി. അപകടം വരുത്തി ലോറി ജീവനക്കാർക്ക് എതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. അപകടത്തിൽ നാശനഷ്ടമുണ്ടായ കടയുടമകളും പഴയങ്ങാടി പൊലീസിൽ പരാതി നൽകി. അപകടത്തിൽ കുരുങ്ങിയ പഴയങ്ങാടിയിലെ ഗതാഗത കുരുക്ക് അഴിക്കാൻ സിഐ ടി.എൻ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാർ, കെഎസ്ഇബി ജീവനക്കാർ, ഓട്ടോ റിക്ഷ തൊഴിലാളികൾ എന്നിവർ രംഗത്തുണ്ടായിരുന്നു.