ജീവൻ നഷ്ടപ്പെട്ടിട്ടും അനക്കമില്ലാതെ അധികൃതർ

Mail This Article
പഴയങ്ങാടി∙ പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ രാമപുരം പുതിയപാലം, പഴയപാലം എന്നിവയുടെ ഇരുഭാഗത്തുമുളള അനുബന്ധ റോഡ് അപകട തുരുത്തായി. ശ്രദ്ധ അൽപം ഒന്നു പാളിയാൽ ഏത് ഭാഗത്ത് നിന്നാണ് വാഹനം വരുന്നതെന്ന് കാൽ നട യാത്രക്കാർ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. പുതിയ പാലം വന്നപ്പോൾ ഇവിടെ പാലങ്ങളിൽ വൺവേ സംവിധാനം ഒരുക്കിയെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ മറ്റ് അനുബന്ധ സംവിധാനങ്ങൾ ഒന്നും ഒരുക്കിയല്ല. ചിലപ്പോൾ വൺവേ സംവിധാനം വക വയ്ക്കാതെ വാഹനങ്ങൾ പോകുന്നത് അപകടസാധ്യത കൂട്ടുന്നു.
വ്യക്തമായ ദിശ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രാമപുരം ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അതിയടം സ്വദേശി സി.സി. ഭാർഗവിഅമ്മയെ പിലാത്തറ ഭാഗത്ത് നിന്ന് വന്ന ചരക്ക് ലോറി ഇടിച്ച് തെറിപ്പിച്ചത്. സംഭവവസ്ഥലത്ത് തന്നെ ഭാർഗവിഅമ്മ മരിച്ചു.
കഴിഞ്ഞ വർഷം വൺവേ സംവിധാനം തിരിച്ചറിയാതെ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടത്തിൽ പെട്ടിരുന്നു. പ്രധാന റോഡിൽ നിന്ന് വാഹനയാത്രക്കാർക്ക് അൽപം ദൂരത്ത് നിന്ന് തന്നെ അടുത്തടുത്തായി ഉളള പാലങ്ങൾ തിരിച്ചറിയാൻ സംവിധാനവും ഒരുക്കേണ്ടത് അത്യാവശ്യമാണ്.