അപകടക്കെണി ഒരുക്കി ഡിവൈഡർ അപകടം ഇന്നലെയും

Mail This Article
കണ്ണൂർ∙ഡിവൈഡറിൽ വാഹനങ്ങൾ കയറിയുള്ള അപകടങ്ങൾ തുടരുന്നു. ഇന്നലെ രാത്രി 8.30 ന് ദേശീയപാതയിലെ താണയിൽ കാർ ഡിവൈഡറിൽ കയറി. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ദേശീയപാതയിലെ പുതിയതെരുമുതൽ താഴെചൊവ്വ വരെ രാത്രി സമയങ്ങളിൽ ഡിവൈഡർ തിരിച്ചറിയാനുള്ള സിഗ്നൽ സംവിധാനങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല മിക്കസ്ഥലങ്ങളിലും തകർന്നനിലയിലുമാണ്. നഗരത്തിലേക്ക് പുതുതായി വരുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും താണയിൽ കാർ ഡിവൈഡറിൽ കയറിയിരുന്നു.
യാത്രക്കാർക്ക് സാരമല്ലാത്ത പരുക്കും പറ്റി.നഗര ദേശീയപാതയിലെ തകർന്ന ഡിവൈഡറുകൾ മാറ്റി പുതിയത് സ്ഥാപിക്കാനും മറ്റുള്ളവയിൽ റിഫ്ലക്ടർ പെയിന്റ് അടിച്ച് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കാനുമുള്ള പദ്ധതി ദേശീയപാത പൊതുമരാമത്ത് വിഭാഗം സർക്കാരിൽ സമർപ്പിച്ചിരുന്നു. ദേശീയപാത നവീകരണ പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയതോടെ നഗര ദേശീയപാത പദ്ധതികൾ പാതിവഴിയിലായി. പുതിയ ദേശീയപാതയുടെ പ്രവൃത്തി കഴിയുന്നത് വരെ പഴയ ദേശീയപാതയുടെ ചുമതലയും കേന്ദ്ര ദേശീയപാത അതോറിറ്റിക്കാണ്.അതിനാൽ അതോറിറ്റിയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈ മലർത്തുകയാണ് ദേശീയപാത പൊതുമരാമത്ത് അധികൃതർ.
