ലഹരി തേടി കറങ്ങി യുവാക്കൾ; പൊലീസിനു തലവേദന

Mail This Article
കൊട്ടാരക്കര∙ കോവിഡ് രോഗ ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ മറി കടന്ന് ചില യുവാക്കൾ പൊതുനിരത്തുകളിൽ ലഹരി തേടി കറങ്ങി നടക്കുന്നതായി പൊലീസ് റിപ്പോർട്ട്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനും ലഹരി വിൽപന കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും പൊലീസിനു നിർദേശം നൽകി. ഇവരിൽ പലരും കഞ്ചാവും മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റൂറൽ ജില്ലയിൽ വാഹന പരിശോധന വ്യാപകമാക്കിയതായും പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എസ്പി ഹരിശങ്കർ അറിയിച്ചു.കഴിഞ്ഞ വൈകുന്നേരം നടന്ന പരിശോധനയിൽ 172 യുവാക്കളാണ് കൊല്ലം റൂറലിൽ മാത്രം പിടിയിലായത്. ചോദ്യം ചെയ്യലിൽ മിക്കവരും അവ്യക്തമായ മറുപടിയാണ് നൽകിയത്.
വാഹനങ്ങൾ പിടിച്ചെടുത്ത് കേസെടുത്തതായി എസ്പി ഹരിശങ്കർ അറിയിച്ചു. ട്രെയിൻ, ബസ് ഗതാഗതം നിലച്ചതോടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വരവ് നിലച്ചു. എന്നാൽ പല കച്ചവടക്കാരുടെയും പക്കൽ പഴയ സ്റ്റോക്ക് ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം. വൻതോതിൽ കഞ്ചാവുമായി വ്യാപാരികൾ ജില്ലയിലെത്തിയതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. പക്ഷെ ഇവ പിടിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. കുണ്ടറയിൽ നിന്ന് ഉപേക്ഷിച്ച 6 കിലോയോളം കഞ്ചാവ് പൊലീസിന് ലഭിച്ചിരുന്നു. കച്ചവടക്കാരുടെയും ഇത് വാങ്ങുന്നവരുടെയും ലിസ്റ്റ് പൊലീസിന്റെ പക്കലുണ്ട്.
സമീപകാലത്ത് അറസ്റ്റിലായവരുടെ ഫോണുകളിൽ നിന്ന് ഒട്ടേറെ നമ്പറുകൾ ലഭിച്ചിരുന്നു. ഇവർ വീടുകളിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ഡാൻസാഫ് ടീമിന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സൈബർ സെല്ലും നിരീക്ഷിക്കുന്നു. മദ്യവിൽപന ശാലകളും പൂട്ടിയതോടെ ലഹരി വസ്തുക്കൾ കിട്ടാത്ത സ്ഥിതിയായി. വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കാനാണ് നിർദേശം.