ഉത്സവച്ചടങ്ങിനിടെ ‘മനുഷ്യത്തല’ തിന്നുന്ന വിഡിയോ പുറത്ത്; 4 പൂജാരിമാരടക്കം 10 പേർക്കെതിരെ കേസ്

Mail This Article
തെന്മല∙ തെങ്കാശിയിലെ ഒരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശവശരീരത്തിന്റെ തല ഭക്ഷിക്കുന്ന 'സ്വാമിയാട്ട' വിഡിയോ വൈറലായി. 4 പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. പാവൂർസത്രം കല്ലാരണി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം. ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് 4 പേർ ചേർന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വിഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണു സംഭവം വിവാദമായത്.ഇതെത്തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നൽകിയ പരാതിയിലാണു കേസ്. പൂജാരിമാർ നാലുപേരും സ്വാമിയാട്ടച്ചടങ്ങിൽ പങ്കെടുത്തവരാണ്.
ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്കു പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്നു ഭക്ഷിക്കുന്നതാണ് ആചാരം . കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ശ്മശാനത്തിൽ നിന്നാണു തല ലഭിച്ചതെന്നാണ് പിടിയിലായ പൂജാരിമാർ പൊലീസിനോടു പറഞ്ഞത് . അതേസമയം ഇത് യഥാർഥ മനുഷ്യത്തല തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.സംഭവം വിവാദമായതോടെ തെങ്കാശി എസ്പി ആർ.കൃഷ്ണരാജ് ഇവർക്കെതിരെ കേസെടുക്കാൻ പാവൂർസത്രം പൊലീസിനോടു നിർദേശിക്കുകയായിരുന്നു.