ADVERTISEMENT

കൊല്ലം∙ പണി പൂർത്തിയായിക്കിടക്കുന്ന ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം വൈകുന്നു.  ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവു വരെയുള്ള അവസാന ഘട്ട നിർമാണത്തിനുള്ള അനുമതി വൈകുന്നതാണ് പണി പൂർത്തിയായ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുക്കാതിരിക്കുന്നതിനു കാരണം. ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവു വരെയുള്ള നാലാം ഘട്ടം കടന്നുപോകുന്നത്  തേവള്ളിപ്പാലത്തിന് അടിയിലൂടെയാണ്. അത് അനുയോജ്യമല്ലെന്നു കിഫ്ബി നിലപാട് എടുത്തതോടെയാണ് നാലാംഘട്ട നിർമാണം  അനിശ്ചിതത്വത്തിലായത്. 

കിഫ്ബി സംഘം സ്ഥലം സന്ദർശിച്ച ശേഷമാണ് ഈ നിലപാട് സ്വീകരിച്ചത്. തുടർന്നു പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം, നാലാം ഘട്ടത്തിന്റെ നിർമാണച്ചുമതലയുള്ള കേരള റോഡ്സ് ഫണ്ട് ബോർഡ് എൻജിനീയർമാർ, എം.മുകേഷ് എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. നാലാം ഘട്ടത്തിൽ 10.5 മീറ്റർ വീതി വേണമെന്ന   തീരുമാനത്തിൽ നേരിയ ഭേദഗതി വരുത്തി, നിലവിലെ വീതി  തേവള്ളിപ്പാലം കഴിയുന്നതു വരെ തുടരുകയും അതിനു ശേഷം അതിനു ശേഷം 1.5 മീറ്റർ ആയി വർധിപ്പിക്കാനുമായിരുന്നു തീരുമാനം. 

ഇതു സംബന്ധിച്ച് കിഫ്ബിക്കു റിപ്പോർട്ട് നൽകി. നാലാം ഘട്ടത്തിന് അനുമതി നൽകണമെന്നു കാണിച്ച് എം.മുകേഷ് എംഎൽഎ മുഖ്യമന്ത്രി, ധനകാര്യമന്ത്രി  തുടങ്ങിയവർക്കു നിവേദനവും നൽകിയിരുന്നു. കെഎസ്ആർടിസി മുതൽ ഓലയിൽക്കടവു വരെയുള്ള മൂന്നാം ഘട്ടത്തിന്റെ റോഡ് മാർക്കിങ് ഉൾപ്പെടെ മുഴുവൻ ജോലിയും പൂർത്തിയായിക്കിടക്കുകയാണ്. ഓണത്തിനു മുൻപ് ഇതിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. നാലാം ഘട്ടം അനിശ്ചിതത്വത്തിൽ ആയതോടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com