അധികൃതർ, കൃപയാ ധ്യാൻ ദീജിയേ..; കൊല്ലം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ എത്ര സുരക്ഷിതമാണ് ? ഒരു അന്വേഷണം
Mail This Article
കൊല്ലം∙ ജില്ലയിലാകെ 25 റെയിൽവേ സ്റ്റേഷനുകൾ. ചെറിയ സ്റ്റേഷനുകളിൽ പോലും സുരക്ഷ മുഖ്യവിഷയമാണ്. അട്ടിമറി സാധ്യത മുതൽ ഇഴജന്തുക്കളുടെ ശല്യം വരെ ആശങ്കയാകുന്നതായി ട്രെയിൻ യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന്റെ കോച്ച് കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷ അത്യാവശ്യമെന്നും അവർ കൂട്ടിച്ചേർക്കുന്നു. രണ്ടുപാതകൾ കൊല്ലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മധുര ഡിവിഷന്റെ ഭാഗമായ കൊല്ലം–ആര്യങ്കാവ് പാതയും തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായി പരവൂർ മുതൽ ഓച്ചിറ വരെയുള്ള പാതയും. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ എത്ര സുരക്ഷിതമാണ് ? ഒരു അന്വേഷണം....
കൊല്ലം ജംക്‌ഷൻ
6 പ്ലാറ്റ്ഫോമുകളുള്ള കൊല്ലം സ്റ്റേഷനിൽ 18 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നു. ആർപിഎഫിലെ 30 അംഗങ്ങളും കേരള പൊലീസിലെ 30 അംഗങ്ങളും 24 മണിക്കൂർ സുരക്ഷയ്ക്കുണ്ട്. ഒരു സമയം നാലു സേനാംഗങ്ങൾ പ്ലാറ്റ്ഫോമിൽ നിലയുറപ്പിച്ചിട്ടുണ്ടാകും. പലഭാഗങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സുരക്ഷ കർശനമായി പാലിക്കാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പ്രതിദിനം ശരാശരി 30000 പേർ വന്നു പോകുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൊണ്ടും സിസിടിവി ക്യാമറകൾക്കൊണ്ടും പിഴവില്ലാത്ത സുരക്ഷ ഒരുക്കുക പ്രയാസമാണെന്നു റെയിൽവേ സ്റ്റേഷൻ സുരക്ഷയുമായി ബന്ധപ്പെട്ടവർ പറയുന്നു.
മൺറോതുരുത്ത്
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൺറോതുരുത്തിൽ കോൺക്രീറ്റ് വേലി ഉൾപ്പടെയുള്ളവ പൊളിച്ച് നീക്കിയ നിലയിലാണ്. പ്ലാറ്റ്ഫോമുകളുടെ ഉയരവും നീളവും വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദേശികൾ അടക്കം വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ നവീകരണത്തിനു ശേഷം സിസിടിവി ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷ വർധിപ്പിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരിയെ അക്രമി കത്രിക കൊണ്ട് കുത്തിപ്പരുക്കേൽപിച്ചത് അടുത്തിടെയാണ്. സിസിടിവി ക്യാമറകളുടെ നിരീക്ഷണവും ആർപിഎഫിന്റെ സുരക്ഷയുമില്ല. കാട് നിറഞ്ഞ പരിസരങ്ങളിൽ ഇഴജന്തു ഭീഷണിയുമുണ്ട്. സ്റ്റേഷന്റെ പരിസരങ്ങൾ ലഹരി കൈമാറ്റ സംഘങ്ങൾ കയ്യടക്കുന്നതായി പരാതിയുണ്ട്. പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
പെരിനാട്
തുറസ്സായ റെയിൽവേ സ്റ്റേഷനായ പെരിനാട് റെയിൽവേ സ്റ്റേഷനിൽ രാത്രി കാലങ്ങളിൽ സമൂഹ വിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്. സ്റ്റേഷനോട് ചേർന്നുള്ള പ്ലാറ്റ്ഫോമിന്റെ വശങ്ങളിൽ പൊന്തക്കാടാണ്. രാത്രി കാലങ്ങളിൽ പ്ലാറ്റ്ഫോമിൽ വെളിച്ചക്കുറവുണ്ട്. ഫുട് ഓവർ ബ്രിജ് ഉണ്ടെങ്കിലും ആരും ഉപയോഗിക്കാറില്ല.
കരുനാഗപ്പള്ളി
സ്റ്റേഷനിൽ സുരക്ഷ കുറവാണെന്നു യാത്രക്കാർ പരാതിപ്പെടുന്നു. എവിടെ നിന്നും പ്ലാറ്റ്ഫോമിൽ എത്തിച്ചേരാം. ഒരു തരത്തിലുള്ള പരിശോധനയോ മറ്റു നടപടികളോ ഇല്ല. മോശമല്ലാത്ത തിരക്കുള്ള സ്റ്റേഷനിൽ സിസിടിവി ക്യാമറയോ, ആർപിഎഫോ , പൊലീസിന്റെ സാന്നിധ്യമോയില്ല. ആർപിഎഫ് യൂണിറ്റ് ആരംഭിക്കുവാൻ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. വെളിച്ചക്കുറവും ഭീഷണിയാണ്. പടിഞ്ഞാറു ഭാഗത്തായി റെയിൽവേയുടെ സ്ഥലം കാടു കയറി കിടക്കുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധർ ഒളിത്താവളമായി ഉപയോഗിക്കുന്നുവെന്ന പരാതിയുണ്ട്. സ്റ്റേഷനോടു ചേർന്നുളള ഇടവഴികളിലും ലഹരിമാഫിയയുടെ സാന്നിധ്യമുണ്ടെന്ന പരാതിയുമുണ്ട്.
ഓച്ചിറ
സ്റ്റേഷനിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ല. കാടുപിടിച്ചുകിടക്കുന്ന പഴയ ക്വാർട്ടേഴ്സുകളിൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയുണ്ട്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്.
ഇരവിപുരം
ഇരവിപുരം റെയിൽവേ സ്റ്റേഷൻ പരിസരം ലഹരി സംഘങ്ങൾ താവളമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്ലാറ്റ് ഫോമിലെ വെളിച്ചം മിന്നാമിനുങ്ങു പോലെയാണ്. പ്ലാറ്റ് ഫോമിന്റെ തറകളെല്ലാം ഇളകിയ നിലയിലും. പ്ലാറ്റ് ഫോം പരിസരവും യാത്രക്കാരുടെ ഇരിപ്പിടങ്ങളും കാട് മൂടി കിടക്കുന്നു. പാസഞ്ചർ, മെമു ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്. തിരക്കില്ലാത്ത സമയങ്ങളിൽ ലഹരി സംഘത്തിന്റെ താവളമാണ് സ്റ്റേഷൻ പരിസരം.
പരവൂർ
കൊച്ചുവേളിയിലും തിരുവനന്തപുരത്തും അവസാനിക്കുന്ന ദീർഘദൂര ട്രെയിനുകൾ നിർത്തിയിടുന്ന പരവൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷയില്ല. തിരുവനന്തപുരം ഭാഗത്തു നിന്നു വരുമ്പോൾ ജില്ലയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ. വിശാലമായ സ്ഥല സൗകര്യമുണ്ട്. ഇവിടെ നിർത്തിയിടുന്ന ട്രെയിനുകൾ അടച്ചു പൂട്ടണമെന്ന നിബന്ധന പാലിക്കാറില്ലെന്നു പരാതി. നിർത്തിയിടുന്ന ട്രെയിനുകളിൽ സാമൂഹിക വിരുദ്ധർ തമ്പടിച്ചു ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും പതിവാണ്. പൊലീസിന്റെയും റെയിൽവേ പൊലീസിന്റെ പട്രോളിങ് പേരിനെ പോലും ഇല്ലാത്തത് ക്രിമിനൽ പ്രവർത്തനങ്ങൾക്കു സഹായകവും. റെയിൽവേ സ്റ്റേഷനും പരിസരവും രാത്രി വിജനമാണ്. സിസിടിവി ക്യാമറകളില്ല.
കുണ്ടറ
കെട്ടിടവും പ്ലാറ്റ്ഫോമുകളും വേലി കെട്ടി തിരിച്ചിരുക്കുന്നതിനാൽ കുണ്ടറ സ്റ്റേഷനിലേക്ക് അനധികൃത വഴികൾ ഇല്ല. സിസിടിവി സ്ഥാപിച്ചിട്ടില്ല. 24 മണിക്കൂറും റെയിൽവേ ജീവനക്കാർ സ്റ്റേഷനിൽ ഉണ്ടാകും. പ്ലാറ്റ്ഫോമുകളിലും നടപാലത്തിലും രാത്രി വെളിച്ചം ഒരുക്കിയിട്ടുണ്ട്. റെയിൽവേ, ലോക്കൽ പൊലീസ് എല്ലാ ദിവസവും പട്രോളിങ് നടത്തുന്നത് കൂടാതെ ട്രെയിനുകളിൽ എത്തുന്ന കേരള റെയിൽവേ പൊലീസിന്റെ സേവനവും ലഭ്യമാണ്. കിളികൊല്ലൂർ, ചന്ദനത്തോപ്പ്, കുണ്ടറ ഈസ്റ്റ് എന്നിവിടങ്ങളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തുന്നത്. യാത്രക്കാരും വരുമാനവും വളരെ കുറവായതിനാൽ റെയിൽവേ നൽകുന്ന സുരക്ഷയും കുറവാണ്.
മയ്യനാട്
സ്ഥിരമായി റെയിൽവേ ജീവനക്കാർ ഇല്ലാത്തതിനാൽ മയ്യനാട് റെയിൽവേ സ്റ്റേഷനും ലഹരി സംഘങ്ങൾ താവളമാക്കുന്നതായി ഒട്ടേറെ പരാതിയുണ്ട്. ഫുട് ഓവർ ബ്രിഡ്ജുകളിൽ ലഹരി സംഘങ്ങൾ താവളമാക്കുന്നു.
ആവണീശ്വരം, കുര
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെയില്ല. സിസിടിവി സ്ഥാപിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. റെയിൽവേ പൊലീസിന്റെ സേവനവും പൂർണ സമയവും ലഭ്യമല്ല. ഒരു വശത്ത് മാത്രമാണ് മതിൽ നിർമിച്ചിട്ടുള്ളത്. മറ്റു മൂന്നു വശങ്ങളിലൂടെയും ആർക്കും സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്ന സ്ഥിതിയുണ്ട്. കുരയിലെ ഹാൾട്ട് സ്റ്റേഷനിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയിൽ ട്രെയിൻ തട്ടിയുള്ള മരണങ്ങൾ ഏറെയുണ്ടാകുന്ന സ്ഥലും ഇവിടെയാണ്.
എഴുകോൺ
രാത്രി 9 കഴിഞ്ഞാൽ ജീവനക്കാർ കുറവാണ്. ഒരു മാസം മുൻപ് സ്റ്റേഷൻ ഓഫിസ് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപ കവർന്നെങ്കിലും. അന്വേഷണം എങ്ങുമെത്തിയില്ല. സിസിടിവി ക്യാമറ അടക്കമുള്ള ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. മോഷണം നടന്നതിനു ശേഷം രാത്രിയിൽ ലൈറ്റിടും. രാത്രി 9 മണി വരെ ഒറ്റയ്ക്കു ജോലി ചെയ്യേണ്ടി വരുന്ന വനിത ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർ ആത്മധൈര്യം കൈമുതലാക്കിയാണു ജോലി ചെയ്യുന്നത്. രാത്രികാലങ്ങളിൽ ലഹരി വിൽപന സംഘങ്ങൾ ഉൾപ്പെടെ ഇവിടെ തമ്പടിക്കുന്നതായും പരാതിയുണ്ട്. മൂന്നു വർഷം മുൻപ് പാളത്തിനു കുറുകെ തടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതും ഇതേ സ്റ്റേഷനിലാണ്. കാടു മൂടി 4 ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് സ്റ്റേഷന്റെ ഒരു വശത്തുള്ളത്.
ഇടമൺ മുതൽ ആര്യങ്കാവ് വരെ
പുനലൂർ ആര്യങ്കാവ് റെയിൽപാതയിൽ ഗേജുമാറ്റത്തിനു ശേഷവും ഇടമൺ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ന്യു ആര്യങ്കാവ്, ആര്യങ്കാവ് സ്റ്റേഷനുകൾ വികസനമെന്തെന്നറിയുന്നില്ല. കാടുകയറിയും സുരക്ഷയില്ലാതെയുമായ സ്റ്റേഷനുകളിലേക്കു പോകാൻ തന്നെ യാത്രക്കാർ ഭയക്കുന്ന അവസ്ഥ. റെയിൽവേ പൊലീസിന്റെ സാന്നിധ്യം വല്ലപ്പോഴും മാത്രം. സിസിടിവികൾ ഒരിടത്തും ഇല്ല. പ്രധാന സ്റ്റേഷനുകളായ ഇടമൺ, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിൽ ആർക്കും ഏതു സമയത്തും കടന്നു ചെല്ലാം. വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കത്താറില്ല. ആര്യങ്കാവ് സ്റ്റേഷനിൽ വളർന്നു പന്തലിച്ച കാടുകളിൽ സാമൂഹിക വിരുദ്ധരുടെ അനക്കമുണ്ടാകുമെന്നാണു പരാതി.