ADVERTISEMENT

കോട്ടയം ∙ സിപിഎമ്മിന്റെ സിന്ധുമോൾ ജേക്കബ് ഇനി കേരള കോൺഗ്രസിന് (എം). ത്രിതല പഞ്ചായത്തിൽ നിന്നു നിയമസഭാ സ്ഥാനാർഥിത്വത്തിലേക്ക് സിന്ധുമോളുടെ വളർച്ച ഘട്ടംഘട്ടമായാണ്. സ്ഥാനാർഥിയാകുമെന്നു സിന്ധുമോൾക്കു സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ സിപിഎം ഉഴവൂർ ബ്രാഞ്ചിലെ അംഗത്വം പുതുക്കിയില്ല. സിന്ധുവിന്റെ പിതാവ് സിപിഐ അനുഭാവിയാണ്. ഭർത്താവ് കേരള കോൺഗ്രസിന്റെ (എം) വിദ്യാർഥി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. വിവാഹ ശേഷം ഉഴവൂരിൽ എത്തിയ സിന്ധുമോൾ സിപിഎം അംഗത്വമെടുത്തു . 3 വട്ടം ഉഴവൂർ പഞ്ചായത്തിൽ ജയിച്ച സിന്ധു പ്രസിഡന്റായി. 2021 ൽ ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റുമായി. ഉഴവൂർ മേഖലയിൽ പാർട്ടി നേതാക്കൾ ത്രിതല പഞ്ചായത്തിൽ തോൽക്കുമ്പോഴും സിന്ധുമോൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.

2019 ൽ കോട്ടയം ലോക്സഭയിലേക്കും നിയമസഭയിൽ പുതുപ്പള്ളി അടക്കമുള്ള സീറ്റുകളിലേക്കും പരിഗണിച്ചു. അതിനിടെയാണ് സിപിഎം–കേരള കോൺഗ്രസ് (എം) ചർച്ചയിൽ സിന്ധുവിനെ കടുത്തുരുത്തിയിൽ മത്സരിപ്പിക്കാമെന്ന നിർദേശം ഉയർന്നത്. എന്നാൽ പാർട്ടിയിൽ നിന്ന് എതിർപ്പുയർന്നതോടെ പിറവത്ത് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. യാക്കോബായ സമുദായാംഗമാണെന്നതും പരിഗണിച്ചു. വിജയസാധ്യത, മികച്ച വനിതാ സ്ഥാനാർഥി എന്നിവ കണക്കിലെടുത്താണ് സീറ്റു നൽകിയതെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. ഇതുവരെ തോൽക്കാത്ത ചരിത്രമാണ് സിന്ധുമോൾക്കുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. സ്ഥാനാർഥിത്വം സിപിഎമ്മും ജോസ് കെ. മാണിയും രഹസ്യമായി സൂക്ഷിച്ചു. കടുത്തുരുത്തിയിൽ അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്ന് ഒരിക്കൽ ജോസ് കെ. മാണി സൂചിപ്പിച്ചു.

നിയമതടസ്സമില്ല: വിദഗ്ധർ

ഇടതു സ്വതന്ത്രയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച സിന്ധുമോൾ ജേക്കബിനു കേരള കോൺഗ്രസ് (എം) ചിഹ്നത്തിൽ മത്സരിക്കുന്നതിൽ തടസ്സമില്ലെന്നു നിയമവിദഗ്ധർ. മൂന്ന് തവണ ഉഴവൂർ ഗ്രാമപ്പഞ്ചായത്തിലേക്കും ഒരു തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും ഇടതു സ്വതന്ത്രയായാണ് സിന്ധുമോൾ മത്സരിച്ചത്. തിര‍ഞ്ഞെടുപ്പ് രേഖകളിലും ഇങ്ങനെയാണു രേഖപ്പെടുത്തിയിരുന്നത്.

പണം നൽകാനില്ലാത്തതിനാൽ സീറ്റും നൽകിയില്ലെന്ന് ജിൽസ് പെരിയപ്പുറം

പിറവം ∙ പിറവം സീറ്റ് തനിക്കു ലഭിക്കാത്തതു പണം നൽകാനില്ലാത്തതിനാലാണെന്നു കേരള കോൺഗ്രസ് (എം) സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്നു രാജിവച്ച യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭാംഗവുമായ ജിൽസ് പെരിയപ്പുറം. പിറവം നഗരസഭാ കൗൺസിലിൽ സ്വതന്ത്ര നിലപാടെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഡോ. സിന്ധുമോൾ ജേക്കബ് സിപിഎം അംഗമാണെന്ന് അവർക്കെതിരെ സിപിഎം നടപടി വന്നതോടെ തെളിഞ്ഞു.

ഇതോടെ കേരള കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെട്ടെന്നു വ്യക്തമായതായി അദ്ദേഹം പറഞ്ഞു. പാർട്ടിയിൽനിന്നുള്ള രാജിക്കത്ത് ജിൽസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് അയച്ചുകൊടുത്തു. ഇതിനിടെ, കേരള കോൺഗ്രസ് ലീഡറും പിറവത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ അനൂപ് ജേക്കബ് എംഎൽഎ ഇന്നലെ ജിൽസ് പെരിയപ്പുറവുമായി കൂടിക്കാഴ്ച നടത്തി. കൂറുമാറ്റനിയമം ബാധകമല്ലെങ്കിലും ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ജിൽസ് പറഞ്ഞു.

സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനവുമായി ബിജെപി നേതൃത്വവും സമീപിച്ചിരുന്നതായി ജിൽസ് പറഞ്ഞു. ജിൽസ് പെരിയപ്പുറത്തിന്റെ നിലപാട് പിറവം നഗരസഭാ ഭരണത്തിലും നിർണായകമാകും. 27 അംഗ കൗൺസിലിൽ എൽഡിഎഫ്–15 ,യുഡിഎഫ്–12 എന്നിങ്ങനെയാണു കക്ഷിനില. സർക്കാർ ജോലി ലഭിച്ചതിനാൽ എൽഡിഎഫിലെ ഒരു അംഗം രാജി വച്ചതോടെ 14 അംഗങ്ങളാണ് ഇപ്പോൾ എൽഡിഎഫിനൊപ്പമുള്ളത്. ജിൽസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാടെടുത്താൽ ഇരുമുന്നണിക്കും അംഗബലം തുല്യമാകും.

പ്രതികരിക്കാനില്ല: ജോസ്

പാലാ ∙ പിറവം പേയ്മെൻറ് സീറ്റാണെന്ന ജിൽസിന്റെ ആരോപണം മറുപടി അർഹിക്കുന്നില്ലെന്നു ജോസ്. കെ. മാണി. ആരോപണങ്ങൾക്കു മറുപടി പറയാനാണെങ്കിൽ അതിനേ സമയം കാണൂ. പിറവത്ത് രണ്ടില ചിഹ്നത്തിൽ ഡോ. സിന്ധുമോൾ ജേക്കബ് മത്സരിക്കും. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടെന്നതു മാധ്യമ സൃഷ്ടിയാണ്. സ്ഥാനാർഥികളെ തീരുമാനിച്ചത് എല്ലാവരും കൂടിയാലോചിച്ചാണ്. ഇതിനായി ഉപസമിതിയെയും നിയോഗിച്ചിരുന്നു. കുറ്റ്യാടി സീറ്റിൽ സിപിഎം നേതൃത്വവുമായി ചർച്ച നടത്തും. പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. അവ പരിഹരിക്കും. കുറ്റ്യാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നതു സിപിഎം പറഞ്ഞിട്ടല്ല .സീറ്റുകൾ വച്ചു മാറുന്ന ചർച്ചകളും നടന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com