വെന്നിമലയിലെ മിഴാവിന് ഇനി പുതു ശബ്ദം

Mail This Article
വെന്നിമല ∙ കൂത്തമ്പല നവീകരണത്തിനു പുരാവസ്തു വകുപ്പിന്റെ അനാസ്ഥ തുടരുമ്പോഴും ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിലെ മിഴാവു പുതുശബ്ദം മുഴക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിലെ മിഴാവാണു പുതിയ തോൽ ചുറ്റി വീണ്ടും മികച്ച ശബ്ദത്തിൽ ആക്കിയത്. വലുപ്പം കൂടിയ മിഴാവാണു ക്ഷേത്രത്തിൽ ഉള്ളത്. കലാമണ്ഡലം രഞ്ജിത്ത്, കലാമണ്ഡലം ജിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് മിഴാവിന്റെ ശബ്ദം പുതുക്കിയത്.
നവരാത്രി ആഘോഷങ്ങളുടെയും സപ്താഹത്തിന്റെയും ഭാഗമായി ക്ഷേത്രത്തിൽ 3 ദിനം പ്രബന്ധ കൂത്ത് നടന്നുവരികയാണ്.രാജഭരണകാലത്ത് പൊതിയിൽ ചാക്യാർമാർക്കു കൂത്ത് അവതരിപ്പിക്കാൻ അവകാശം നൽകിയിരുന്ന ക്ഷേത്രമാണ് ശ്രീരാമലക്ഷ്മണ ക്ഷേത്രം. തെക്കൻ കേരളത്തിൽ തുടർച്ചയായി 28 ദിനവും കൂത്ത്, കൂടിയാട്ടം എന്നിവ നടന്നിരുന്ന ക്ഷേത്രം കൂടിയാണ് ഇവിടം.
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്ഥാപനമായ ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തോടു പക്ഷേ അധികൃതരുടെ അവഗണന തുടരുകയാണ്. കനത്ത മഴയിൽ മേൽക്കൂര തകർന്നു കൂത്തമ്പലത്തിന് കേടുപാടുകൾ ഉണ്ടായി. പല തവണ അധികൃതരെ സമീപിച്ചിട്ടും തുടർനടപടികൾ വൈകുന്നതിൽ ഭക്തജനങ്ങൾക്കു പ്രതിഷേധമുണ്ട്.