ADVERTISEMENT

കോട്ടയം∙ കൃഷിയോട് സ്നേഹവും മനുഷ്യരോടു മമതയും എന്നതാണു ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീയുടെ നയം. അതുകൊണ്ടുതന്നെ ഏറ്റവും സംതൃപ്തി തോന്നിയ കാര്യങ്ങൾ 30ന് നടക്കുന്ന പട്ടയ വിതരണവും അലിംകോയുമായി ചേർന്നു അംഗപരിമിതർക്കു നൽകിയ സഹായ വിതരണവുമാണെന്നു മനസ്സു നിറഞ്ഞു പറയുന്നു. ചെയ്യുന്ന കാര്യം ഭംഗിയാകണമെന്ന നിർബന്ധം ചെറുപ്പത്തിലേ ഉണ്ടായിരുന്നു.

എസ്എസ്എൽസിക്കു നേടിയ എട്ടാം റാങ്കും ഭരണമികവിനു നേടിയ ഒട്ടേറെ അവാർഡുകളും അതിനു തെളിവ്. കാർഷിക സർവകലാശാലയിൽ നിന്ന് കളകളെ കുറിച്ചുള്ള പഠനത്തിനു പിഎച്ച്ഡിയും നേടിയാണ് പാലക്കാട് കൃഷി ഓഫിസറായി 1987ൽ സർക്കാർ സർവീസിൽ പ്രവേശിച്ചത്.പഠിച്ച വിഷയത്തോടുള്ള സ്നേഹം വിട്ടുകളയാനാകാത്തതിനാൽ പോള വാരലിനു ഒരു ലഘുയന്ത്രവും വികസിപ്പിച്ചു നൽകിയിട്ടാണു കലക്ടറേറ്റിൽ നിന്ന് ഈ മാസം 31നു പടിയിറങ്ങുന്നത്.

മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജില്ലാ മജിസ്ട്രേട്ടിനു കടമയുണ്ടെന്നും അതിനാലാണു രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതെന്നും ജയശ്രീ പറയുന്നു. പടിയിറങ്ങും മുൻപ് മനോരമയോട് മനസ്സ് തുറക്കുന്നു.

കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ നൽകിയ ഉത്തരവ് വിവാദമായല്ലോ?

കാട്ടിൽക്കയറി വെടിവയ്ക്കാതിരിക്കുന്നതിനാണു വന്യജീവി സംരക്ഷണ നിയമം. ഏഴുകിലോമീറ്ററോളം അകലെ നാട്ടിലിറങ്ങി രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെയാണു കൊല്ലാൻ ഉത്തരവിട്ടത്. എങ്കിലും ചില പരിമിതികളുണ്ട്. രണ്ടും കേന്ദ്രനിയമങ്ങളാണ്. നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കു ചില പ്രയാസ്സങ്ങളുണ്ടാകുന്നുണ്ട്. സർക്കാർ തന്നെ ഇടപെടേണ്ട വിഷയമാണ്.

കോട്ടയം കലക്ടറായിട്ടു രണ്ടുവർഷത്തോളമാകുന്നു, ഏറ്റവും സംതൃപ്തി തോന്നിയ കാര്യങ്ങൾ ഏതൊക്കെയാണ്?

30ന് എയ്ഞ്ചൽ വാലിയിൽ നടക്കുന്ന പട്ടയമേള. 1887 കൈവശങ്ങളുണ്ട് ഇതിൽ. ഇവർക്ക് 2015ൽ പട്ടയം കൊടുത്തതാണ്. പക്ഷേ, പ്രയോജനമില്ലാതെ പോയി. റവന്യുവകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സോഫ്റ്റ്‌വയറിൽ സ്ഥലവിവരങ്ങളൊന്നും അപ്‌ലോഡ് ചെയ്യാൻ പറ്റുമായിരുന്നില്ല. ജില്ലാതിർത്തിയായ ഇടുക്കി മ്ലാപ്പാറയും പത്തനംതിട്ട കൊല്ലവിളയുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും കയറിയിറങ്ങി കിടക്കുകയായിരുന്നു. ഇവ റീസർവേ നടത്തി നോട്ടിഫൈ ചെയ്ത് സബ് ഡിവിഷൻ ചെയ്തു കോട്ടയം ജില്ലയുടെ ഭാഗമാക്കണമായിരുന്നു.

പട്ടയവിതരണം തൊട്ടാൽ പൊള്ളുന്ന കാര്യമായതിനാൽ പലരും ചെയ്യാൻ മടിച്ചു. ഇതിനിടെ ചിലർ കോടതിയിൽ പോയി. കോടതി നിർദേശം വന്നു. അതിനു മറുപടി നൽകാൻ പഠിച്ചപ്പോഴാണു കാര്യങ്ങൾ മനസ്സിലായത്

പട്ടയം കിട്ടിയവർക്ക് അത് ഒരു വായ്പയ്ക്കായി ഈടുവയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ആളുകൾ വളരെ വിഷമിച്ചു. തൊട്ടാൽ പൊള്ളുന്ന കാര്യമായതിനാൽ പലരും ചെയ്യാൻ മടിച്ചു. ഇതിനിടെ ചിലർ കോടതിയിൽ പോയി. കോടതി നിർദേശം വന്നു. അതിനു മറുപടി നൽകാൻ പഠിച്ചപ്പോഴാണു കാര്യങ്ങൾ മനസ്സിലായത്. ആറുമാസത്തെ സമയം കോടതിയോടും ചോദിച്ചു. സർവേ വകുപ്പ് നല്ല പിന്തുണ തന്നു.പമ്പാവാലിയിൽ നാട്ടുകാരുടെ യോഗം ഉൾപ്പെടെ വിളിച്ചു വിശദീകരിച്ചു.

നവംബറിൽ തുടങ്ങിയ നടപടികളാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ഇത്രയും പേർക്കു മനസ്സമാധാനം നൽകാൻ കഴിയുന്നതിന്റെ ചാരിതാർഥ്യമുണ്ട്. അലിംകോയുടെ (ആർട്ടിഫിഷ്യൽ ലിംപ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ) പിന്തുണയോടെ ബ്ലോക്കുകളിൽ ക്യാംപ് നടത്തി, അംഗപരിമിതരായ 1281 പേർക്ക് മുച്ചക്ര സൈക്കിളും കണ്ണടയും ഉൾപ്പെടെയുള്ള ഉപകരണങ്ങളും വിതരണം ചെയ്തത് മറക്കാനാവില്ല..

കലക്ടറേറ്റ് ഐഎസ്ഒ സർട്ടിഫിക്കേഷൻ നടപടികൾ എന്തായി?

കഴിഞ്ഞദിവസം ഓഡിറ്റ് കഴിഞ്ഞു. പ്രഖ്യാപനം ഉടൻ നടക്കും. പഞ്ചായത്ത് ഡയറക്ടറായിരിക്കുമ്പോഴാണു പഞ്ചായത്തിൽ ഐഎസ്ഒ പൂർത്തിയാക്കിയത്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇവിടെയും നടപ്പാക്കുന്നത്. ഫയലുകളൊന്നും ഇനി പൊടിപിടിക്കില്ല. സേവനങ്ങൾ കൃത്യമാകും.

മറ്റു നടപടികൾ

നായ്ക്കളുടെ വന്ധ്യംകരണത്തിനു 2023 ജനുവരി 26ന് എബിസി സെന്റർ തുറന്നു. 524 നായ്ക്കളെ ഇതുവരെ വന്ധ്യംകരിച്ചു. ജി20യുടെ നടത്തിപ്പ് മാതൃകാപരമായിരുന്നു. ഏറ്റവും ഭംഗിയായി ജി20 നടത്തിയ സ്ഥലമെന്നു വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ പിന്തുണയും സമർപ്പണവും എടുത്തുപറയേണ്ടതാണ്.

അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ ഏറ്റവും ആദ്യം നടത്തി കണ്ടെത്തി. 1071പേരെ കണ്ടെത്തി. ഇതിന് സ്കോച്ച് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നു ഡിജിറ്റൽ ഇന്ത്യ അവാർഡ് കിട്ടി. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മാർഗനിർദേശം അനുസരിച്ചുള്ള വെബ്സൈറ്റ് നിർമിച്ചതിനാണ് ഇത്.

കലക്‌ടറേറ്റിന്റെ കവാടം മോടിയാക്കിയല്ലോ?

കലക്ടറേറ്റിനു മേൽവിലാസം ഉണ്ടായി. പലരും കലക്ടറേറ്റിന്റെ അവിടെ എത്തിയിട്ട് എവിടെയാണ് കലക്ടറേറ്റ് എന്ന് ഓട്ടോറിക്ഷക്കാരോടും മറ്റും ചോദിച്ചിട്ടുണ്ട്. ആ അവസ്ഥ മാറിയതിൽ അവരും സന്തുഷ്ടരാണ്. അവിടെ യുദ്ധസ്മാരകം ഉൾപ്പെടെ വൃത്തിയാക്കാനായി.

കുടുംബത്തെ പരിചയപ്പെടുത്താമോ?

ഭർത്താവ് എസ്ബിഐ റിട്ട.മാനേജർ രവീന്ദ്രൻ നായർ. മക്കൾ: സെൻട്രൽ യൂണിവേഴ്സിറ്റി മെഡിക്കൽ ഓഫിസർ ഡോ.ആരതി, ഐടി ഉദ്യോഗസ്ഥ അപർണ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com