രണ്ടിടത്ത് തോറ്റ തന്ത്രം വീണ്ടും മിനുക്കി എൽഡിഎഫ്; അവിശ്വാസം പാസായി, ചങ്ങനാശേരിയിൽ യുഡിഎഫിന് ഭരണം നഷ്ടം

Mail This Article
ചങ്ങനാശേരി ∙ ഡിസിസി നൽകിയ വിപ്പ് ലംഘിച്ചു മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 2 കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെ, ചങ്ങനാശേരി നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിനു ഭരണനഷ്ടം. യുഡിഎഫ് പിന്തുണയോടെ അധ്യക്ഷപദവി വഹിച്ചിരുന്ന സ്വതന്ത്ര അംഗം സന്ധ്യ മനോജിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണു പാസായത്. 37 അംഗ നഗരസഭയിൽ 19 അംഗങ്ങളുടെ പിന്തുണ അവിശ്വാസ പ്രമേയത്തിനു ലഭിച്ചു. എൽഡിഎഫിലെ 16 അംഗങ്ങൾക്കു പുറമേ യുഡിഎഫിന് ഒപ്പം നിന്നിരുന്ന സ്വതന്ത്ര അംഗം, 2 കോൺഗ്രസ് അംഗങ്ങൾ എന്നിവരും പിന്തുണച്ചു. യുഡിഎഫിലെ മറ്റ് അംഗങ്ങളും ബിജെപി അംഗങ്ങളും വിട്ടുനിന്നു.
ഭരണസ്തംഭനം ആരോപിച്ചു 2 ആഴ്ച മുൻപാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ ചർച്ചയ്ക്കു നോട്ടിസ് നൽകിയത്. എൽഡിഎഫിലെ 16 അംഗങ്ങൾക്ക് ഒപ്പം, യുഡിഎഫിൽ ധാരണകൾ പാലിക്കുന്നില്ല എന്നാരോപിച്ച്, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീന ജോബിയും പദവി രാജിവച്ച് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടു. ഇന്നലെ അവിശ്വാസപ്രമേയ ചർച്ചയിൽ കോൺഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി രാജു ചാക്കോ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് എന്നീ 2 കോൺഗ്രസ് അംഗങ്ങളുടെ കൂടെ പിന്തുണ നേടാനായതോടെ അവിശ്വാസം പാസാക്കാൻ എൽഡിഎഫിനു സാധിച്ചു.
നഗരസഭ ഉപാധ്യക്ഷൻ ബെന്നി ജോസഫിനെതിരെയും ഉടൻ അവിശ്വാസം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ്. ഇദ്ദേഹവും സ്വതന്ത്ര അംഗമാണ്. നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു സ്വതന്ത്ര അംഗം ബീന ജോബിക്കു പിന്തുണ നൽകുമെന്നും കാലാവധി സംബന്ധിച്ചു ധാരണയുണ്ടാക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ വരണാധികാരിയായി. വിപ്പ് ലംഘിച്ച കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായും ഇവർക്കെതിരെ സംഘടനാപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. 37 അംഗ നഗരസഭയിൽ യുഡിഎഫിന് 18, എൽഡിഎഫിന് 16, ബിജെപിക്ക് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതിൽ യുഡിഎഫിൽ നിന്ന് ഒരു സ്വതന്ത്ര അടക്കം 3 പേർ എൽഡിഎഫിന് ഒപ്പം ചേർന്നു.
കേവല ഭൂരിപക്ഷമില്ലാതെ തുടക്കം
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി നഗരസഭയിൽ കേവലഭൂരിപക്ഷമായ 19 സീറ്റ് ഒരു മുന്നണിക്കും ലഭിച്ചില്ല. 3 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. സ്വതന്ത്ര അംഗങ്ങളായ സന്ധ്യ മനോജിന് ചെയർപഴ്സൻ, ബെന്നി ജോസഫിന് വൈസ് ചെയർമാൻ, ബിന ജോബിക്കു സ്ഥിരസമിതി അധ്യക്ഷ പദവികൾ നൽകിയാണു ഭരണം ആരംഭിച്ചത്. 20 മാസശേഷം ബീന ജോബിയെ നഗരസഭാധ്യക്ഷയാക്കാമെന്നു കരാറുണ്ടാക്കി. ആദ്യ രണ്ടര വർഷശേഷം വൈസ് ചെയർമാൻ പദവി യുഡിഎഫിന് എന്നും കരാറിലുണ്ടായിരുന്നു. കരാറുകളൊന്നും നടപ്പായില്ല. ഇതു സംബന്ധിച്ച തർക്കങ്ങളാണു കൂറുമാറ്റത്തിലും ഭരണനഷ്ടത്തിനും കാരണം.
അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് നോട്ടിസ് നൽകിയ പശ്ചാത്തലത്തിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തില്ല. അവിശ്വാസത്തെ അനുകൂലിച്ച 2 കോൺഗ്രസ് കൗൺസിലർമാർ വിപ്പ് കൈപ്പറ്റിയിരുന്നില്ല. പിന്നീട് ഇവരുടെ വീടുകൾക്കു മുൻപിൽ വിപ്പ് പതിക്കുകയായിരുന്നു.വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാരെ അയോഗ്യരാക്കിയേക്കും. എന്നാൽ ഒരു മാസത്തിനുള്ളിൽ നടക്കുന്ന നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല.
കൂറുമാറിയവർ ചർച്ചയ്ക്ക് വന്നില്ല: യുഡിഎഫ്
ചങ്ങനാശേരി ∙ നഗരസഭയിൽ ഭരണം നഷ്ടപ്പെട്ടതു മുൻകൂട്ടി തയാറാക്കിയ തിരക്കഥ മൂലമെന്നു യുഡിഎഫ് ആരോപിച്ചു. കൂറുമാറിയ കൗൺസിലർമാരെ കഴിഞ്ഞ രണ്ടാഴ്ചയായി പല തവണ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതൃത്വം ചർച്ചയ്ക്കു വിളിച്ചെങ്കിലും അവർ ഇതിന് തയാറായില്ല. അവരും എൽഡിഎഫുമായി മുൻധാരണ ഉണ്ടായിരുന്നതായും യുഡിഎഫ് ആരോപിച്ചു.

രണ്ടിടത്ത് തോറ്റ തന്ത്രം വീണ്ടും മിനുക്കി എൽഡിഎഫ്
ചങ്ങനാശേരി ∙ കോട്ടയത്തും ഈരാറ്റുപേട്ടയിലും പരാജയപ്പെട്ട തന്ത്രം ചങ്ങനാശേരിയിൽ വിജയിപ്പിക്കാൻ എൽഡിഎഫ്. കേവല ഭൂരിപക്ഷമില്ലാതെയാണു കോട്ടയത്തും ചങ്ങനാശേരിയിലും ഈരാറ്റുപേട്ടയിലും യുഡിഎഫ് ഭരണത്തിലെത്തിയത്. കോട്ടയത്തു ബിജെപി പിന്തുണയോടെയും ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെയും എൽഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കി. പക്ഷേ, നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കു തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഈ രണ്ടിടത്തും യുഡിഎഫ് തന്നെ വിജയിച്ച് ഭരണത്തിൽ തിരിച്ചെത്തി. കോട്ടയം നഗരസഭയിൽ രണ്ടാമതു കൊണ്ടു വന്ന അവിശ്വാസ പ്രമേയം ക്വോറം തികയാതെ തള്ളിപ്പോവുകയും ചെയ്തു.
ചങ്ങനാശേരിയിൽ ഭരണം നേടാനുള്ള ഭൂരിപക്ഷം എൽഡിഎഫിനു ലഭിച്ചിട്ടുണ്ട്. 37 അംഗ നഗരസഭയിൽ 19 പേരുടെ പിന്തുണ ലഭിച്ചാൽ ഭരണത്തിലെത്താം. യുഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര അംഗവും രണ്ടു കോൺഗ്രസ് അംഗങ്ങളും കൂടി ഇടതു പക്ഷത്തിനൊപ്പം എത്തിയതോടെ എൽഡിഎഫിൽ 19 പേരുണ്ട്.
സ്വതന്ത്ര അംഗം ബീന ജോബിയെ മുന്നിൽ നിർത്തി ഭരണം പിടിക്കുകയാണ് എൽഡിഎഫ് തന്ത്രം. എൽഡിഎഫിന് ഒപ്പമെത്തിയ 2 കോൺഗ്രസ് അംഗങ്ങളും ബീനാ ജോബിയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വനിതാ സംവരണമാണ് ചങ്ങനാശേരി നഗരസഭാധ്യക്ഷ പദവി.
ചങ്ങനാശേരി നഗരസഭ കക്ഷി നില
ആകെ അംഗങ്ങൾ 37
∙ യുഡിഎഫ് – മുൻപ് 18 (ഇപ്പോൾ 15)
കോൺഗ്രസ് – മുൻപ് 9 (2 പേർ ഇപ്പോൾ എൽഡിഎഫ് പക്ഷത്ത്)
കേരള കോൺഗ്രസ് – 4
യുഡിഎഫ് സ്വതന്ത്രർ – 2 സ്വതന്ത്രർ – മുൻപ് 3 (ഇതിൽ ഒരാൾ ഇപ്പോൾ എൽഡിഎഫ് പക്ഷത്ത്)
∙ എൽഡിഎഫ്
മുൻപ് 16 (ഇപ്പോൾ 19)
സിപിഎം – 12
എൽഡിഎഫ് സ്വതന്ത്രർ – 2
കേരള കോൺഗ്രസ് (എം) – 1
ജനാധിപത്യ കേരള കോൺഗ്രസ് – 1
എൽഡിഎഫിലേക്ക് പുതുതായി
എത്തിയവർ – 3
∙ ബിജെപി – 3