കനകപ്പലം ശ്രീനിപുരം ജംക്ഷൻ ചവിട്ടി വന്നില്ലെങ്കിൽ കുഴിയിൽ കിടക്കും

Mail This Article
എരുമേലി ∙ റാന്നി – എരുമേലി റോഡിൽ കനകപ്പലം ശ്രീനിപുരം ജംക്‌ഷനിൽ സ്ഥിരം അപകടക്കെണിയായി റോഡിലെ കുഴി. ഒരു മാസത്തിനുള്ളിൽ ഇവിടെ 12 ഇരുചക്ര വാഹന യാത്രക്കാരാണ് റോഡിനു മധ്യത്തിലെ കുഴികളിൽ ചാടി അപകടത്തിൽപെട്ടതെന്നു സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം കുഴിയിൽ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അവസാന അപകടം. ഓട അടഞ്ഞതിനെ തുടർന്ന് റോഡിലൂടെ വെള്ളം സ്ഥിരമായി ഒഴുകിയതാണ് റോഡിൽ കുഴി രൂപപ്പെടാൻ കാരണമെന്ന് പറയുന്നു. റോഡിലെ കുഴിയിൽ ചാടി അപകടം ഉണ്ടാകുന്നത് ഒഴിവാക്കാൻ പൊലീസ് മുന്നറിയിപ്പായി റോഡിന്റെ മധ്യത്തിൽ കുഴിയുള്ള സ്ഥലത്ത് കോൺ സ്ഥാപിച്ചിട്ടുണ്ട്.
എങ്കിലും റോഡിലെ കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ ചാടി നിയന്ത്രണം വിടുകയാണ്. ലോഡുമായി പോകുന്ന ഭാരവാഹനങ്ങളും കുഴിയിൽ ചാടി അപകടം ഉണ്ടാകുന്നുണ്ട്. കുഴി കണ്ട് പെട്ടെന്നു ബ്രേക്ക് ചവിട്ടുന്ന വാഹനത്തിനു പിന്നാലെ എത്തുന്ന വാഹനങ്ങൾ ഇടിച്ചുകയറിയുള്ള അപകടങ്ങളും പതിവാണ്. റോഡിൽ കുഴി ഉണ്ടായ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ മഴക്കാലം ആരംഭിച്ചതോടെ റോഡിലൂടെ പതിവായി വെള്ളം ഒഴുകി വീണ്ടും കുഴി രൂപപ്പെട്ടു. ശരിയായി ഓട നിർമിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യം ഒരുക്കാത്തതാണ് സ്ഥിരമായി കുഴി രൂപപ്പെടാൻ കാരണമെന്നും പറയുന്നു.