വിലങ്ങുപാറ ഭാഗത്തെ ഇന്റർലോക്ക് ഉയർത്തുന്നു: കെണിയൊരുക്കി കട്ടിങ്

Mail This Article
എരുമേലി ∙ കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൊരട്ടി വിലങ്ങുപാറ ഭാഗത്ത് ഇന്റർലോക്ക് പാകിയ സ്ഥലത്തെ അപകട കട്ടിങ് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി. ടാറിങ് റോഡും ഇന്റർലോക്ക് പാകിയ സ്ഥലവും തമ്മിൽ ഉള്ള ഉയരവ്യത്യാസം മൂലം കട്ടിങ് രൂപപ്പെട്ട് അനേകം അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇന്നലെ മുതൽ പൊതുമരാമത്ത് വകുപ്പ് പരിഹാര നടപടികൾ ആരംഭിച്ചത്.
ഇവിടെ സ്ഥാപിച്ചിരുന്ന ഇന്റർ ലോക്ക് കട്ടകൾ പൂർണമായും മാറ്റിയശേഷം ഉയർത്തി പാകുകയാണു ചെയ്യുന്നത്. മഴക്കാലത്ത് വെള്ളമൊഴുക്കുള്ള സ്ഥലങ്ങളിലാണ് റോഡിൽ ഇന്റർലോക്ക് സ്ഥാപിച്ചിട്ടുള്ളത്. ഇത് താഴ്ന്നതു മൂലമാണ് ഉയരവ്യത്യാസം ഉണ്ടായത്. ഇതുകാരണം ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്.
റോഡിന്റെ ഉയരവ്യത്യാസം അപകടത്തിനിടയാക്കുന്നു
എരുമേലി ∙ കരിമ്പിൻതോട് ബൈപാസ് റോഡിൽ നിന്ന് ഷെർ മൗണ്ട് കോളജ് – കരിങ്കല്ലുമ്മൂഴി റോഡിലേക്ക് ചേരുന്ന ഭാഗത്തെ ഉയരവ്യത്യാസവും കട്ടിങ്ങും മൂലം അപകടങ്ങൾ പതിവാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 4 വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. 3 ഇരുചക്രവാഹനങ്ങളും കാറും ആണ് അപകടത്തിൽപ്പെട്ടത്. നിലവിലുണ്ടായിരുന്ന ബൈപാസ് റോഡ് ഒന്നര അടിയിലധികം ഉയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ െചയ്തു.
എന്നാൽ റോഡ് ഉയർത്തിയതിന് ആനുപാതികമായി ഈ റോഡിനോടു ചേർന്നുള്ള ഷെർ മൗണ്ട് കോളജ്– കരിങ്കല്ലുമ്മൂഴി കോൺക്രീറ്റ് റോഡ് ഉയർത്തിയില്ല. ടാറിങ് റോഡിൽ നിന്ന് കോൺക്രീറ്റ് റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ ഉയരവ്യത്യാസം മൂലം നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നു എന്നാണ് പരാതി. 3 സ്കൂൾ ബസുകൾ ഉൾപ്പെടെ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
റോഡ് നിർമാണ സമയത്ത് തന്നെ ഈ റോഡുകളുടെ ഉയരവ്യത്യാസം മൂലമുള്ള കട്ടിങ് അപകടമുണ്ടാക്കുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്യുമ്പോൾ ഈ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു അന്ന് പൊതുമരാമത്ത് വകുപ്പ് നൽകിയ മറുപടി. എന്നാൽ റോഡ് കോൺക്രീറ്റ് ചെയ്തതിനു ശേഷം അധികൃതർ ഈ നിലപാടിൽ നിന്ന് പിന്നോട്ടുപോയെന്നാണു പരാതി. റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് കാണിച്ച് പൊതുപ്രവർത്തകൻ ജോൺ തോപ്പിലും പരാതി നൽകിയിട്ടുണ്ട്.