ഓട അടഞ്ഞു; വാഴൂർ റോഡിൽ വെള്ളക്കെട്ട്

Mail This Article
ചങ്ങനാശേരി ∙ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല, മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് പതിവ്. യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. വാഴൂർ റോഡിൽ പെരുമ്പനച്ചിക്കും പൂവത്തുംമൂടിനും ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് പതിവായിരിക്കുന്നത്. തിരക്കേറിയ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
പൂവത്തുംമൂട് നിന്ന് പെരുമ്പനച്ചി തോട് വരെയുള്ള ഓടയുടെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ മണ്ണിട്ടു നികത്തിയതാണു പ്രതിസന്ധിക്കു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. ഓടയിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടുന്നതോടെ വെള്ളം റോഡിലൂടെ ഒഴുകുകയും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഇവർ പറയുന്നു.
റോഡിൽ നിന്ന് വെള്ളം ഒഴുകി സമീപത്തുള്ള മാടപ്പള്ളി സഹകരണ ബാങ്ക് പരിസരത്തേക്കും നഴ്സറി, വളം ഡിപ്പോ എന്നിവിടങ്ങളിലേക്കും എത്തുന്നതിനാൽ ബാങ്ക് ജീവനക്കാരും ദുരിതത്തിലാണ്.വെള്ളക്കെട്ടുള്ള ഭാഗത്തു കൂടി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. തിരക്കേറിയ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.