പട്ടിത്താനം കവലയിൽ അപകടങ്ങൾ തുടർക്കഥ

Mail This Article
ഏറ്റുമാനൂർ∙ സിഗ്നലോ ട്രാഫിക് പൊലീസിന്റെ സേവനമോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ല. പട്ടിത്താനം കവലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. എംസി റോഡിലെ പ്രധാന അപകട മേഖലയാണ് പട്ടിത്താനം. വാഹനാപകടത്തിൽ ഒട്ടേറെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. നിരവധി പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കവലയിൽ അപകടങ്ങൾ പതിവായിട്ടും ഗതാഗത സുരക്ഷ സംവിധാനങ്ങൾ ഒരുക്കാനോ തകരാറിലായ സിഗ്‌നൽ ലൈറ്റ് പ്രവർത്തിപ്പിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
5 വർഷങ്ങൾക്ക് മുൻപ് ചില തകരാറുകളെ തുടർന്നാണ് പട്ടിത്താനത്തെ സിഗ്‌നൽ ലൈറ്റ് മിഴിയടച്ചത്. കുറവിലങ്ങാട് , എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷനാണിത്. വലിയ വാഹനത്തിരക്ക് അനുഭവപ്പെട്ടിരുന്ന കവലയിൽ വാഹനാപകടങ്ങളും പതിവായിരുന്നു. മണർകാട് ബൈപാസ് റോഡ് കൂടി തുറന്നതോടെ ഇവിടെയെത്തുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. ഇടതടവില്ലാതെയാണ് വാഹനങ്ങൾ ഇതുവഴി പായുന്നത്. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ തോന്നിയ പടിയാണ് വാഹനങ്ങൾ റോഡ് മുറിച്ചു കടക്കുന്നത്. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നു. എറണാകുളം ഭാഗത്തു നിന്നു മണർകാട്ടേക്കു വരുന്നവർക്ക് കുറവിലങ്ങാട് റൂട്ടിലെ റോഡ് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. മണർകാട് ബൈപാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ പട്ടിത്താനത്തെ എത്തുമ്പോൾ മാത്രമാണ് ജംക്‌ഷനാണെന്ന് തിരിച്ചറിയുന്നത്. തലങ്ങും വിലങ്ങും അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ കാരണം നാട്ടുകാർക്ക് റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത അവസ്ഥ.
മണ്ഡല കാലത്തെങ്കിലും സുരക്ഷ ഒരുക്കണം
മണ്ഡല കാലത്ത് ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിനു അയ്യപ്പന്മാരാണ് എത്താറുള്ളത്. ഇതിൽ ഭൂരിഭാഗം ആളുകളും പട്ടിത്താനം കവല വഴിയാണ് ക്ഷേത്രത്തിലെത്തുന്നത്. അപകട മേഖലയായ പട്ടിത്താനത്ത് സിഗ്‌നൽ സംവിധാനമോ ട്രാഫിക് പൊലീസ് സേവനമോ ഉറപ്പു വരുത്തിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. പട്ടിത്താനത്തു കൂടി കടന്നു പോകുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ അയ്യപ്പന്മാരുടെ സുരക്ഷ സംബന്ധിച്ച് ഒരു ചർച്ചയും കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലകാല അവലോകന യോഗത്തിൽ ഉണ്ടായില്ല. മണ്ഡലകാലത്തിനു മുൻപായി ദിശാ ഫലകങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, സിഗ്‍നൽ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുകയും. ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അമ്മയ്ക്കും കുട്ടിക്കും പരുക്ക്
കഴിഞ്ഞ ചൊവ്വാഴ്ച പട്ടിത്താനം കവലയിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയ്ക്കും 7 വയസ്സുകാരനായ കുട്ടിക്കും പരുക്കേറ്റു. പത്തനംതിട്ട പെരുമ്പട്ടി മായാ ഭവനിൽ മനോജിന്റെ ഭാര്യ രേഖ(35), മകൻ പാർഥിവ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരുടെയും തലയ്ക്കും മുഖത്തുമാണ് പരുക്കേറ്റത്. പാർഥിവിന്റെ തലയിൽ പത്ത് കുത്തിക്കെട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്കു കാറിൽ വരികയായിരുന്നു മനോജും കുടുംബവും. പട്ടിത്താനം കവലയിൽ വച്ച് കുറവിലങ്ങാട്ട് ഭാഗത്ത് നിന്നെത്തിയ ആംബുലൻസ് ഇടിച്ചായിരുന്നു അപകടം.
അനധികൃത പാർക്കിങ്
പട്ടിത്താനം കവലയിൽ മറ്റൊരു ശാപമാണ് അനധികൃത പാർക്കിങ്. മണർകാട് ബൈപാസിന്റെ സമീപം കുറവിലങ്ങാട് റൂട്ടിൽ രാത്രികാലങ്ങളിലാണ് അനധികൃത പാർക്കിങ്. ട്രക്കുകൾ ഉൾപ്പെടെയുള്ള ഭാരവണ്ടികൾ റോഡ് അരികിൽ പാർക്ക് ചെയ്യുന്നതു മറ്റു ഡ്രൈവർമാരുടെ കാഴ്ച മറയുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. അനധികൃത പാർക്കിങ്ങിനെതിരെ നാട്ടുകാർ പലതവണ പരാതി പറഞ്ഞെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.