അഞ്ചുവിളക്കിന്റെ നാട് ആഘോഷനിറവിൽ

Mail This Article
ചങ്ങനാശേരി ∙ അഞ്ചുവിളക്കിന്റെ നാട് ഇന്ന് ആഘോഷനിറവിൽ. ചന്ദനക്കുടവും ക്രിസ്മസും ചിറപ്പ് ഉത്സവവും ചങ്ങനാശേരിയിൽ ഇന്ന് ആഘോഷത്തിന്റെ ത്രിവേണി സംഗമം തീർക്കും. തിരുപ്പിറവിയുടെ സന്ദേശവുമായി പുലരുന്ന ഇന്നത്തെ ക്രിസ്മസ് ദിനമാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുക്കിയാണ് ഈ ദിനത്തിന് നാട് കാത്തിരുന്നത്. ദേവാലയങ്ങളിൽ ഇന്നലെ നടന്ന പാതിരാകുർബാനകളിലും വിശ്വാസികൾ ഒഴുകിയെത്തി.
മാനവമൈത്രിയുടെ സന്ദേശവുമായി രണ്ടു ദിനങ്ങളിലായി നടക്കുന്ന ചന്ദനക്കുടം ദേശീയ ആഘോഷത്തിന് ഇന്നു വൈകിട്ട് തുടക്കമാകും. വൈകിട്ട് 4ന് പുതൂർപ്പള്ളി അങ്കണത്തിൽ നടക്കുന്ന മാനവമൈത്രി സംഗമം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ചന്ദനക്കുടം ദേശീയ ആഘോഷം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജമാ അത്ത് പ്രസിഡന്റ് പി.എസ്.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. തുടർന്ന് ഘോഷയാത്ര ആരംഭിക്കുന്നതോടെ നാട്ടിൽ ആഘോഷത്തിന്റെ അലയൊലികൾ നിറയും.
പാരമ്പര്യവും ആചാരപ്പെരുമയും പിന്തുടർന്ന് വൈകിട്ട് 7ന് കാവിൽ ക്ഷേത്രാങ്കണത്തിൽ ചന്ദനക്കുടത്തിനു നൽകുന്ന സ്വീകരണത്തിൽ കളഭവും പനിനീരും കൈമാറി ഹിന്ദു– മുസ്‌ലിം ബന്ധം പുതുക്കും. വിവിധയിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 10.30നാണ് ആദ്യദിനത്തെ ഘോഷയാത്ര സമാപിക്കുക.
ഇന്ന് രാത്രി 9ന് കീർത്തന ശബരീഷ് നയിക്കുന്ന ഗാനമേളയും, രാത്രി 12.30ന് ഷെഫീഖ് ആൻഡ് പാർട്ടി നയിക്കുന്ന ഗാനമേളയും ഇരട്ടി ആവേശമാകും. നാളെ രാവിലെ 7.30ന് ഇരുപ്പാ തൈക്കാവ് അങ്കണത്തിൽ നിന്നു ഘോഷയാത്ര ആരംഭിക്കും. നാളെ രാത്രി 9ന് റഹ്മാൻ പത്തനാപുരം നയിക്കുന്ന ഗാനമേള. 12.30ന് സുറുമി വയനാട് നയിക്കുന്ന ഇശൽ നിലാവ്.
കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും നാടിനെ ആഘോഷപ്പെരുമയിലേറ്റുന്നു. 27 വരെയാണ് ക്ഷേത്രത്തിലെ ഉത്സവം. ഇന്ന് രാവിലെ 9ന് ഉത്സവബലി. 11ന് ഉത്സവബലി ദർശനം. വൈകിട്ട് 4ന് ഓട്ടൻതുള്ളൽ. 5ന് നാഗസ്വരകച്ചേരി, 6.30ന് ദീപാരാധന. 7ന് ചന്ദനക്കുട സ്വീകരണം. 7.30ന് സേവ. രാത്രി 10ന് സൂപ്പർഹിറ്റ് ഗാനമേള പാലാ സൂപ്പർ ബിറ്റ്സ് പാലാ. നാളെ രാവിലെ 9ന് ഉത്സവബലി. 11ന് ഉത്സവബലി ദർശനം. 12.30ന് സമൂഹസദ്യ. 7.30ന് സേവ. രാത്ര 10ന് ബ്ലൂഡയമൺസ് ഗാനമേള.