വാഹനവും ജോസും ശരിക്കും 'തൊഴിലാളി..!'

Mail This Article
ചങ്ങനാശേരി ∙ ജോസിന്റെ ജോലിയിൽ മാത്രമല്ല ‘തൊഴിലാളി’യുള്ളത്. തന്റെ ജീവിത മാർഗമായ വാഹനത്തിന്റെ പേരും തൊഴിലാളി എന്നാണ്. ‘തൊഴിലാളി’ വാഹനം ഓടിച്ചു നടന്ന ജോസ് അങ്ങനെ ചങ്ങനാശേരിക്കാരുടെ ‘തൊഴിലാളി ജോസുമായി’. പന്ത്രണ്ടാം വയസ്സിൽ ചങ്ങനാശേരി മാർക്കറ്റിൽ തൊഴിലാളിയായി രംഗത്തിറങ്ങിയയാളാണു ഇപ്പോൾ 67 വയസ്സ് പിന്നിട്ട ജോസഫ് ആന്റണി. സൈക്കിളിൽ മീനും ചെറിയ ചരക്ക് സാധനങ്ങളും കടയിലെത്തിക്കുന്നതായിരുന്നു ജോലി. ലൈസൻസ് എടുക്കാനുള്ള പ്രായമായപ്പോൾ പിക്കപ് ഓട്ടോ സ്വന്തമാക്കി.
1970കളിലായിരുന്നു വാഹനം വാങ്ങിയത്. വാഹനത്തിന് എന്ത് പേരിടുമെന്ന് ആലോചിക്കുമ്പോഴാണു അധ്വാനിച്ച് കുടുംബം പോറ്റുന്ന നിന്റെ വാഹനത്തിനു ‘തൊഴിലാളി’ എന്നു പേരിടാൻ കൊച്ചിയിൽ നിന്നു ചങ്ങനാശേരിയിൽ കച്ചവടത്തിനെത്തുന്ന കൊച്ചി സ്വാമി പറഞ്ഞത്. പിന്നീട് മിനിഡോർ ഓട്ടോയും ജോസ് സ്വന്തമാക്കി. ലാഭത്തിൽ നിന്നു മിച്ചം പിടിച്ചും വായ്പയെടുത്തും മൂന്ന് ഓട്ടോകൾ കൂടി സ്വന്തമാക്കി. പിന്നീട് വാങ്ങിയ മഹീന്ദ്ര പിക്കപ്പിനും തൊഴിലാളിയെന്നു തന്നെ പേരിട്ടു.
67വയസ്സായിട്ടും തൊഴിലാളിയെന്ന പേരും സ്ഥാനവും ഉപേക്ഷിക്കാൻ ജോസ് തയാറല്ല.പുലർച്ചെ 2നു ചന്തയിൽ നിന്നും മീൻ ലോഡുകളുമായി വിവിധയിടങ്ങളിൽ പോകും. ചങ്ങനാശേരി ചന്തയിൽ ചിത്രീകരിച്ച സ്ഫടികം സിനിമയിൽ ജോസിന്റെ തൊഴിലാളിയെന്ന ലാംബ്രട്ട ഓട്ടോ കാണാം. മാർക്കറ്റ് കടേൽപറമ്പിൽ ജോസഫ് ആന്റണി എന്ന യഥാർഥ പേർ പലർക്കുമറിയില്ല. നാട്ടിലറിയപ്പെടുന്നതു തൊഴിലാളി ജോസ് എന്ന് തന്നെ. വീട്ടിൽ ഭാര്യ ത്രേസ്യാമ്മയും മക്കളായ ജോമോൻ, ജോജി, ജസ്റ്റിൻ എന്നിവരും മരുമക്കളായ ബെറ്റി, റൂബി, അമ്മു എന്നിവരും ജോസിനു പിന്തുണയായി കൂടെയുണ്ട്