കനത്തമഴയിൽ റോഡുകൾ തകർന്നു; എരുമേലിയിൽ എന്തൊരു ദുരിതം

Mail This Article
എരുമേലി ∙ കനത്തമഴയിൽ നഗരമേഖലയിലെ റോഡുകൾ തകർന്നു ഗതാഗതം ദുരിതപൂർണമായി. നഗരഹൃദയത്തിലെ കെഎസ്ആർടിസി റോഡാണ് ഏറ്റവും തകർന്നു കിടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞുകിടന്ന ഈ റോഡ് കഴിഞ്ഞ മണ്ഡല– മകരവിളക്ക് സീസണിൽ പോലും ടാർ ചെയ്തില്ല. ഒഴക്കനാട് റോഡ് തകർന്നിട്ട് ഏറെക്കാലമായി വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയാത്ത വിധമാണ്. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും വാഹനങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. 50ൽ പരം കുടുംബങ്ങളാണ് ഈ ഒഴക്കനാട് കോളനിയിൽ താമസിക്കുന്നത്.

എരുമേലി – കാരിത്തോട് ചേനപ്പാടി റോഡിന്റെ തുടക്കം മുതൽ കുണ്ടും കുഴിയുമാണ്. മഴക്കാലം ആരംഭിച്ചതോടെ കുഴികളിൽ ജലം കെട്ടിക്കിടന്നു റോഡുകൾ കൂടുതൽ തകർന്നു. നേർച്ചപ്പാറയിൽ നിന്നു കുടുക്കവള്ളി എസ്റ്റേറ്റ് റോഡും തകർന്ന നിലയിലാണ്. പൊതുമരാമത്ത് റോഡുകളും പഞ്ചായത്ത് റോഡുകളും വ്യാപകമായി തകർന്നിട്ടുണ്ട്. തകർന്ന റോഡുകളിൽ ഓട്ടോറിക്ഷകൾ പോലും യാത്ര പോകാൻ മടിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. തകർന്ന റോഡിൽകൂടി വേണം സ്കൂൾ ബസുകൾ സർവീസ് നടത്തുവാൻ. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.