എരുമേലി നഗരത്തിൽ അപകടക്കുഴികൾ

Mail This Article
എരുമേലി ∙ നഗരത്തിലെ കുഴികൾ സ്ഥിരം അപകടങ്ങൾക്ക് കാരണമാകുന്നു. കെഎസ്ആർടിസി റോഡ്, റാന്നി റോഡിൽ വനം വകുപ്പ് ഓഫിസിനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിലാണ് ചതിക്കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കനത്ത മഴയിൽ കുഴികൾ വലുതായി വരികയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതു മൂലം കുഴികൾ അറിയാതെ നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ് ദിവസവും അപകടത്തിൽപെടുന്നത്. സെന്റ് തോമസ് അസൻഷൻ ചർച്ച് റോഡിന്റെ ഇരു വശങ്ങളിലെ കുഴികളും കനത്ത മഴയിൽ കിടങ്ങു പോലെ ആയി.
രാജാപ്പടിയിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പാലത്തിനു സമീപം റോഡിലെ കുഴികളിൽ ചാടി നിരവധി വാഹനങ്ങളാണ് അപകടത്തിലായത്. വാഹനങ്ങൾക്ക് തകരാറും സംഭവിക്കുന്നു. കുഴി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര വിഭാഗത്തിലും അധികൃതർക്ക് നേരിട്ടും നിരവധി പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പൊതു പ്രവർത്തകനായ അനിയൻ എരുമേലി പറഞ്ഞു.
വനം വകുപ്പ് ഓഫിസിനു മുന്നിൽ ഓട അടഞ്ഞതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തും ചെളിവെള്ളം തെറിച്ച് വീഴും. എത്രയും വേഗം കുഴികൾ അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം