തിരൂരങ്ങാടി ഗവ. ആശുപത്രിയുടെ ദുരിതമറിയാൻ എംഎൽഎ എത്തി പറയാൻ പരാതികളേറെ

Mail This Article
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനായി കെ.പി.എ.മജീദ് എംഎൽഎ ആശുപത്രി സന്ദർശിച്ചു. പുതിയ സൂപ്രണ്ട് ചൂമതലയേറ്റതിനെ തുടർന്നാണ് എംഎൽഎ എത്തിയത്. ആശുപത്രിയിൽ നടപ്പാക്കേണ്ട കാര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ചർച്ച ചെയ്തു. ഓപ്പറേഷൻ തിയറ്ററിലേക്ക് ലിഫ്റ്റ് ഇല്ലാത്തതിനാൽ രോഗികളെ താഴെ നിന്ന് റാംപ് വഴി കൊണ്ടു പോകേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായി ലിഫ്റ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തി.
ഐസിയു, ഡിഇഐസി സെന്റർ എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചും പഴയ ഐപി കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കാൻ ഷീറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കാത്തത്, ഓട നിർമാണം തുടങ്ങിയ കാര്യങ്ങൾ എംഎൽഎയെ അറിയിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് ഐസിയു സൗകര്യമുള്ള എഎൽഎസ് ആംബുലൻസ് ആവശ്യവും ഉന്നയിച്ചു. സൂപ്രണ്ട് ഡോ. പ്രഭുദാസ്, ഡിഇഐസി മെഡിക്കൽ ഓഫിസർ ഡോ. എ.എം.കുഞ്ഞാവുട്ടി, ആർഎംഒ ഡോ. ഹഫീസ് റഹ്മാൻ, ഡിഇഐസി മാനേജർ ദേവീദാസൻ, വിജിൻ, രേണു എന്നിവരും പങ്കെടുത്തു.
ടോക്കൺ യന്ത്രം തകർന്നു; രോഗികൾ വലയുന്നു
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ ഒപി ടോക്കൺ യന്ത്രം പ്രവർത്തിക്കാത്തതിനാൽ രോഗികൾക്ക് പ്രയാസം. ഒപി ബ്ലോക്കിൽ ജനറൽ ഒപി, കുട്ടികളുടെ ഒപി എന്നിവിടങ്ങളിൽ സ്ഥാപിച്ച ടോക്കൺ യന്ത്രങ്ങളാണ് തകരാറിലുള്ളത്. യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഒപിയിൽ വരുന്ന രോഗികളെല്ലാം ഊഴം കാത്ത് വരി നിൽക്കേണ്ട സ്ഥിതിയാണ്. ചെറിയ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും മുതിർന്നവരും ഏറെ നേരം നിൽക്കുന്നത് പ്രയാസമുണ്ടാക്കുന്നു. ക്രമം പാലിക്കാൻ ഇവർ വരിയിൽ നിൽക്കാൻ നിർബന്ധിതരാകുകയാണ്. ടോക്കൺ നമ്പർ പ്രകാരം വിളിക്കാൻ സംവിധാനമൊരുക്കുകയോ യന്ത്രം നന്നാക്കുകയോ വേണമെന്നാണ് ആവശ്യം.