ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഓർമകൾ ഉറങ്ങുന്ന എടശേരി മനയിൽ സാദിഖലി തങ്ങൾ എത്തി

Mail This Article
തേഞ്ഞിപ്പലം ∙ മലബാർ കലാപത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽ ശിക്ഷയനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഓർമകളുറങ്ങുന്ന എടശേരി മന മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. മനയിലെ നിലവിലെ താമസക്കാരും തങ്ങളും ചേർന്നു മുറ്റത്ത് സമുദായ സൗഹൃദത്തിന്റെ വിളംബരമായി വൃക്ഷത്തൈ നട്ടു. ‘മലബാർ സമരത്തിലെ ധീര ദേശാഭിമാനികൾ’ എന്ന പേരിൽ മുസ്‌ലിം യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാംപെയ്നിന്റെ ഭാഗമായാണു ഓർമ മരം നട്ടത്.
മലബാർ കലാപവുമായി ബന്ധപ്പെട്ടു മാസങ്ങളോളം ബെള്ളാരി ജയിലിൽ ശിക്ഷയനുഭവിച്ചയാളാണു മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. ജയിൽ മോചിതനായി തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തോടു പലരും അകലം പാലിച്ചു. വിവാഹ അന്വേഷണത്തിന് അനുകൂല പ്രതികരണമുണ്ടായില്ല. എന്നാൽ, വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പ് മറികടന്നു എടശേരി ഇല്ലത്തെ അന്നത്തെ ഇളമുറക്കാരിയെ അദ്ദേഹത്തിനു വിവാഹം ചെയ്തു നൽകുകയായിരുന്നു.
‘ഖിലാഫത്ത് സ്മരണകൾ ’ എന്ന പേരിലുള്ള മോഴിക്കുന്നത്തിന്റെ ആത്മകഥ പ്രശസ്തമാണ്. അതു കേട്ടെഴുതിയതു എടശേരി ഇല്ലത്തെ ഇപ്പോഴത്തെ കാരണവരായ ഇ.നീലകണ്ഠൻ നമ്പൂതിരിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ സാദിഖലി തങ്ങളെ സ്വീകരിച്ചു. മതനിരപേക്ഷത ഭീഷണി നേരിടുന്ന ഇക്കാലത്ത് സാദിഖലി തങ്ങളുടെ സന്ദർശനത്തിനു ചരിത്ര പ്രാധാന്യം ഏറെയാണെന്നു നീലകണ്ഠൻ നമ്പൂതിരി പറഞ്ഞു.
മലബാർ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന എടശേരി മന ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്ര ശേഷിപ്പാണെന്നു സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡോ. വി.പി. അബ്ദുൽ ഹമീദ്, ബക്കർ ചെർന്നൂർ, കെ.പി.മുഹമ്മദ്, മാതാപ്പുഴ മുഹമ്മദ് കുട്ടി, ജി.എച്ച്. ആലംഗീർ, അസീസ് പള്ളിക്കൽ, സവാദ് കള്ളിയിൽ, സി.എ. ബഷീർ തുടങ്ങിയവരും സാദിഖലി തങ്ങൾക്കൊപ്പം എത്തിയിരുന്നു. ക്യാംപെയ്നിന്റെ ഭാഗമായി മണ്ഡലത്തിൽ 100 വൃക്ഷത്തൈകളാണ് നട്ടത്.