വീൽചെയറിലിരുന്ന് സ്നേഹം കൊണ്ടുള്ള രുചിക്കൂട്ടിൽ കൊതിയൂറുന്ന വിഭവങ്ങളുമായി ഫുഡ്ഫെസ്റ്റ്

Mail This Article
തിരൂർ ∙ വീൽചെയറിലിരുന്ന് സ്നേഹം കൊണ്ടുള്ള രുചിക്കൂട്ടിൽ കൊതിയൂറുന്ന വിഭവങ്ങളുമായി ഫുഡ്ഫെസ്റ്റ് നടത്തി ഭിന്നശേഷിക്കാരായ കൂട്ടുകാർ. കിൻഷിപ് റിഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് മക്കാനി ഫുഡ്ഫെസ്റ്റ് നടന്നത്. ഭക്ഷണം വിൽപന വഴി ഭിന്നശേഷിക്കാർക്ക് സ്ഥിരവരുമാനം ഉറപ്പു വരുത്തുന്ന തരത്തിലുള്ള സംരംഭമാണ് മക്കാനി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സുലൈമാനി, സ്വാദ്, തക്കാരം, അന്നം, എരിവും പുളിയും തുടങ്ങിയ പേരുകളിട്ട 15 സ്റ്റാളുകളിലാണ് വിഭവങ്ങൾ നിരന്നത്. 45 പേരാണ് പങ്കെടുത്തത്.
സുറുബക്കഞ്ഞി, ചിക്കൻ സുർബിയാൻ റൈസ്, കൊപ്രപ്പുട്ട്, ചക്കപ്പുഴുക്ക്, കാരറ്റ് പായസം, ഇറച്ചിപ്പത്തിരി, ലസാനിയ, കുഴിമന്തി, ജ്യൂസുകൾ തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ഇവർ വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവന്നിരുന്നു. ഇവയിൽ നിന്ന് മികച്ച ഭക്ഷണം തയാറാക്കിയവരെ തിരഞ്ഞെടുത്ത് സമ്മാനങ്ങളും നൽകി.
വിൽപന തുടങ്ങിയതോടെ വിഭവങ്ങൾ പെട്ടെന്നു തീർന്നു. പലരും ഭക്ഷണം ലഭിക്കാതെ നിരാശരായി. നഗരസഭാധ്യക്ഷ എ.പി.നസീമ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സമീർ ആധ്യക്ഷ്യം വഹിച്ചു. നാസർ കുറ്റൂർ, പി.എം.റഫീഖ്, യു.അൽതാഫ്, കെ.ബാബു, പി.അബ്ദുൽ ഫസൽ, ഡോ. വി.എം.അബ്ബാസ്, ടി.നിസാർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.