എആർ നഗർ വെറുമൊരു പേരല്ല; നാടിന്റെ വികാരം

Mail This Article
തിരൂരങ്ങാടി ∙ എആർ നഗർ; മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്തിന്റെ പേരാണ്. ആ രണ്ടക്ഷരങ്ങൾക്കു പിന്നിൽ ഒരു ചരിത്രമുണ്ട്; നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പോരാട്ടത്തിന്റെ ചരിത്രം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന പോരാളിയുടെ ജ്വലിച്ചുനിൽക്കുന്ന സ്മരണകളാണ് ഈ പേരിനു പിന്നിൽ. സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിൽ അറിയപ്പെടുന്ന രാജ്യത്തെ തന്നെ അപൂർവം പഞ്ചായത്തുകളിലൊന്നാണ് അബ്ദുറഹ്മാൻ നഗർ. പഞ്ചായത്തിനു മാത്രമല്ല, പോസ്റ്റ് ഓഫിസും വില്ലേജും ഇതേ പേരിലാണ്.
മുഹമ്മദ് അബ്ദുറഹ്മാനോടുള്ള ആദരസൂചകമായി കൊടുവായൂർ എന്ന ദേശത്തിന്റെ പേര് അബ്ദുറഹ്മാൻ നഗർ (എആർ നഗർ) എന്നാക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ജനിച്ച മുഹമ്മദ് അബ്ദുറഹ്മാന്റെ പ്രധാന പ്രവർത്തന കേന്ദ്രങ്ങളിലൊന്നായിരുന്നു കൊടുവായൂർ. 1921ൽ ഒറ്റപ്പാലത്ത് നടന്ന ഖിലാഫത്ത്– കോൺഗ്രസ് സംയുക്ത മഹാസമ്മേളത്തോടനുബന്ധിച്ചാണ് മുഹമ്മദ് അബ്ദുറഹ്മാൻ മലബാറിലെ രാഷ്ട്രീയ രംഗത്തെത്തുന്നത്.
കോൺഗ്രസ് നേതാവായിരുന്ന പി.പി.സി.മുഹമ്മദുമായുള്ള ബന്ധമാണ് അദ്ദേഹത്തെ കൊടുവായുരുമായി അടുപ്പിക്കുന്നത്. ബ്രിട്ടിഷുകാർ നാടുകടത്തിയ മമ്പുറം ഫസൽ തങ്ങളുടെ പിന്മുറക്കാരെ തിരികെ കൊണ്ടുവരാൻ 1937ൽ മുഹമ്മദ് അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ മമ്പുറം റെസ്റ്റോറേഷൻ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചിരുന്നു. അതിന്റെ വൈസ് പ്രസിഡന്റായിരുന്നു പി.പി.സി.മുഹമ്മദ്. 1945ൽ മുഹമ്മദ് അബ്ദുറഹ്മാൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കൊടുവായൂരിലെ ചെറാട്ടിൽ അങ്ങാടിക്ക് പി.പി.സി.മുഹമ്മദ് മുൻകയ്യെടുത്ത് അബ്ദുറഹ്മാൻ നഗർ എന്ന പേരു നൽകി.
കൊടുവായൂരിലെ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.എ.ആസാദിന്റെയും പി.പി.എ.ഫസൽ ഹാജിയുടെയും ശ്രമഫലമായി 1962ൽ അന്നത്തെ സാമൂഹികക്ഷേമ മന്ത്രി പി.പി.ഉമ്മർ കോയയാണ് കൊടുവായൂരിന്റെ പേര് ‘അബ്ദുറഹ്മാൻ നഗർ’ എന്നാക്കി വിജ്ഞാപനം ഇറക്കിയത്.
വികെ പടി പോസ്റ്റ് ഓഫിസും വില്ലേജും അബ്ദുറഹ്മാൻ നഗർ എന്ന പേരിലേക്കു മാറ്റി. കോൺഗ്രസ് നേതൃനിരയിലെ പ്രമുഖനായിരുന്ന അബ്ദുറഹ്മാൻ കെപിസിസി പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റായിരിക്കെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് അബുൽ കലാം ആസാദിനെ പങ്കെടുപ്പിച്ച് എആർ നഗറിൽ പൊതുസമ്മേളനം നടത്തി. അതിന്റെ ഓർമയ്ക്കായി ആസാദ് നഗറും ഇവിടെയുണ്ട്. മദ്രാസ് അസംബ്ലി അംഗമായിരുന്ന അബ്ദുറഹ്മാൻ പിന്നീട് കോൺഗ്രസ് വിട്ട് ഫോർവേഡ് ബ്ലോക്കിൽ ചേർന്നു. ഇന്നും ഒട്ടേറെ കുടുംബങ്ങളിൽ അബ്ദുറഹ്മാൻ എന്ന പേരുകാണാം.