തെരുവുനായ നിയന്ത്രണ പരിപാലന കേന്ദ്രം വരും

Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയും ജില്ലാ മൃഗ സംരക്ഷണ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ചേർന്ന് തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ, പരിപാലന കേന്ദ്രം സ്ഥാപിക്കും. തിരൂരങ്ങാടി, പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളും തേഞ്ഞിപ്പലം, പള്ളിക്കൽ, ചേലേമ്പ്ര, പെരുവള്ളൂർ, വള്ളിക്കുന്ന്, മൂന്നിയൂർ പഞ്ചായത്തുകളും പദ്ധതിയുമായി സഹകരിക്കും. സർവകലാശാലാ ക്യാംപസിൽ സ്ഥലം ലഭ്യമായാൽ പഠന ഗവേഷണ പദ്ധതിയും നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്ഥല ലഭ്യതയ്ക്ക് വിസി ഡോ. എം.കെ.ജയരാജിനെ കാണാൻ നിയോഗിച്ച തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സാജിതയുടെ നേതൃത്വത്തിലുള്ള ഉപസമിതി പ്രാഥമിക കൂടിക്കാഴ്ച നടത്തി.
ആളൊഴിഞ്ഞ സ്ഥലത്താണ് തെരുവുനായ്ക്കളുടെ കേന്ദ്രം സ്ഥാപിക്കുക. ഓപ്പറേഷൻ തിയറ്റർ, നായ്ക്കളുടെ താമസത്തിനുള്ള ഷെൽറ്റർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. നായ്ക്കളുടെ സംരക്ഷണ നിയമാവലിയും ശസ്ത്രക്രിയാ ചട്ടവും പാലിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകും. സ്റ്റോർ, സിസിടിവി ക്യാമറ, എസി, അടുക്കള എന്നിവ കേന്ദ്രത്തിൽ നിർബന്ധമാക്കും.10 ഷെൽറ്ററുകളാണ് നിർമിക്കുക. 10 നായ്ക്കളുടെ ശസ്ത്രക്രിയയ്ക്ക് 50 കൂടുകൾ എന്ന നിരക്കിൽ വേണം ഷെൽറ്ററുകൾ. ബ്ലോക്ക് പഞ്ചായത്ത് ആണ് അടിസ്ഥാന സൗകര്യ നിർവഹണ ഏജൻസി. ആവശ്യമായ പണം പഞ്ചായത്തുകളും നഗരസഭകളും നൽകണം. പദ്ധതി നിർവഹണച്ചുമതല ജില്ലാ പഞ്ചായത്തിനാണ്. ബോധവൽക്കരണ ക്യാംപെയ്നും പദ്ധതിയുടെ ഭാഗമാണ്.
പേ വിഷ നിർമാർജന ക്യാംപെയ്ൻ നടത്താൻ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. 2.5 കോടി രൂപ ചെലവിൽ സ്ഥിരം സംവിധാനം ഒരുക്കാനാണ് ആലോചന. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സാജിത അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷജിനി ഉണ്ണി, തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ചെമ്പാൻ മുഹമ്മദലി (പള്ളിക്കൽ), ടി.വിജിത്ത് (തേഞ്ഞിപ്പലം), കെ.അബ്ദുൽ കലാം (പെരുവള്ളൂർ), എം.എൻ.സുഹറാബി (മൂന്നിയൂർ), എ.പി.ജമീല (ചേലേമ്പ്ര), ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.കാർത്തികേയൻ, താലൂക്ക് മൃഗ സംരക്ഷണ വകുപ്പ് കോഓർഡിനേറ്റർ ഡോ.മുരളി, ഡോ. ഇ.ശ്രീകുമാരൻ, ഹനീഫ ആച്ചാട്ടിൽ, കെ.പി.ദേവദാസ്, സിന്ധു ആത്രപുളിക്കൽ, പി.വി.മുസ്തഫ, നിസാർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.