മിലാന്റെ മുറ്റത്ത് മലയാളി ‘മാസ്’: ഇറ്റലിയിലും യൂറോപ്പിലും കരുത്തറിയിച്ച് മലയാളികളുടെ ഫുട്ബോൾ ക്ലബ്

Mail This Article
മലപ്പുറം ∙ മലയാളിക്കു പ്രത്യേക റഡാർ സംവിധാനമുണ്ട്. ലോകത്തെവിടെ ചെന്നാലും മറ്റൊരു മലയാളിയെ ആ റഡാർ കണ്ടെത്തും. ‘നാട്ടിലെവിടെയാ’ എന്ന ഒറ്റച്ചോദ്യത്തിൽ തുടങ്ങി അതൊരു കൂട്ടാകും, കൂട്ടായ്മയായി വളരും. മറുനാട്ടിലെ ആ മലയാളി ഫുട്ബോൾ ആരാധകൻ കൂടിയാണെങ്കിലോ? ഒരു ഫുട്ബോൾ ടീം തന്നെ തട്ടിക്കൂട്ടും! ഇങ്ങനെ മലയാളിത്തവും ഫുട്ബോൾ ആവേശവും പ്രത്യേക ഫോർമേഷനിൽ വന്നപ്പോൾ അങ്ങ് ഇറ്റലിയിൽ പിറന്ന ഫുട്ബോൾ ക്ലബ്ബാണ് ‘ആഡ്‌ലേഴ്സ് ലൊംബാർഡ് എഫ്സി’. പേരു കേട്ടു സംശയിക്കേണ്ട, കേരളത്തിലെ പല ജില്ലകളിൽനിന്നു വന്നവർ പന്തു തട്ടുന്ന തനി നാടൻ മലയാളി ഫുട്ബോൾ ക്ലബ്ബാണിത്. മലപ്പുറത്തെ പാടത്തു മാത്രമല്ല, വേണമെങ്കിൽ ഇറ്റലിയിലെ മിലാനിലും മലയാളി തന്റെ ഫുട്ബോൾ മേൽവിലാസം ഉറപ്പിക്കുമെന്നതിന്റെ തെളിവ്. അറുപതോളം മലയാളി താരങ്ങൾ ടീമിൽ കളിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നു.
കിക്കോഫ്
∙ മലപ്പുറം രാമപുരം സ്വദേശിയായ മുഹമ്മദ് ആബിർ, ചെറുകുളമ്പ് സ്വദേശിയായ മുഹമ്മദ് നസീഫ് എന്നിവരാണ് ടീം രൂപീകരണത്തിന് 2019ൽ തുടക്കമിടുന്നത്. ഇറ്റലിയിലെയും യൂറോപ്പിലെയും വിവിധ ടൂർണമെന്റുകളിൽ കളിച്ചുള്ള പരിചയം വച്ച് മലയാളികൾക്കായി ഒരു ക്ലബ് തുടങ്ങിയാലോ എന്ന ആലോചനയാണ് ആഡ്‌ലേഴ്സ് ലോംബാർഡ് എഫ്സിയുടെ പിറവിക്കു പിന്നിൽ. ആഡ‌്‌ലർ എന്ന ഇറ്റാലിയൻ പദത്തിനു കഴുകൻ എന്നാണ് അർഥം. ഇറ്റലിയിലെ പ്രവിശ്യയായ ലൊംബാർഡിയയിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളും ചേർന്നാണ് ക്ലബ് രൂപീകരിച്ചത് എന്നതിലാൽ ആ സ്ഥലപ്പേരു കൂടി ടീമിന്റെ പേരിനൊപ്പം ചേർത്തു.
കേരള യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സ്ഥാപക ക്ലബ്ബുകളിൽ ഒന്നായ ആഡ്‌ലേഴ്സ് ഇറ്റലിയിലെ ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ് കൂടിയാണ്. ഇറ്റലിയിലെ മലയാളികൾക്കിടയിൽ നടത്തി വന്നിരുന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ കളിച്ചായിരുന്നു തുടക്കം. ചുരുങ്ങിയ സമയംകൊണ്ടു യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായി ആഡ്‌ലേഴ്സ് വളർന്നു. കേരള യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഏറ്റവുമധികം തവണ ചാംപ്യന്മാരായതും ആഡ്‌ലേഴ്സ് തന്നെ.
വഴിത്തിരിവ്
∙ സ്പോർട്ടിങ് സെന്റർ ഓഫ് ഇറ്റാലിയൻ ഫെഡറേഷൻ 2022ൽ നടത്തിയ സെവൻസ് മിനി ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആഡ്‌ലേഴ്സിനു വഴിത്തിരിവായി. 32 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ സെമി ഫൈനൽ വരെ ടീം എത്തിയതോടെ ഇറ്റലിയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ അഭിനന്ദനം ഈ മലയാളി താരങ്ങളെ തേടി വന്നു. ടീമിന്റെ പ്രകടനം ഇഷ്ടപ്പെട്ട പ്രമുഖ ഇറ്റാലിയൻ കമ്പനിയായ എപിഎൽ ഇറ്റാലിയൻ ലീഗിൽ കളിക്കാനുള്ള സ്പോൺസർഷിപ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ ഇറ്റാലിയൻ സെവൻസ് ലീഗിൽ പന്ത് തട്ടുന്ന ആദ്യത്തെ ഇന്ത്യൻ ക്ലബ്ബായി മാറി ആഡ്‌ലേഴ്സ്.
ഇന്റർ മിലാൻ അക്കാദമിയിൽ അണ്ടർ 16 വിഭാഗത്തിൽ സഹപരിശീലകനായി ജോലി ചെയ്യുന്ന മുഹമ്മദ് ആബിർ തന്നെയാണ് ആഡ്‌ലേഴ്സ് ടീമിന്റെ പരിശീലന കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ടീമിന്റെ ക്യാപ്റ്റനും ഇദ്ദേഹം തന്നെ. പെരിന്തൽമണ്ണ സ്വദേശിയായ ഹഫീസ് ഹുസൈൻ ആണ് ക്ലബ് പ്രസിഡന്റ്. ക്ലബ് സ്ഥാപകരിൽ ഒരാളായ മുഹമ്മദ് നസീഫ് വൈസ് പ്രസിഡന്റ്. തൃശൂർ പുതുക്കാട് സ്വദേശി എൽജോ വിൻസന്റ് ജനറൽ സെക്രട്ടറിയും കൊണ്ടോട്ടി സ്വദേശി മെഹ്സൂം തെങ്ങാട്ട് ട്രഷററും എറണാകുളം തുരുത്തിപുരം സ്വദേശി ഷിബു പീറ്റർ സ്പോർട്ടിങ് ഡയറക്ടറുമാണ്.