മൂന്നാമത്തെ വാശി പാലം 3 മാസത്തിനകം തുറക്കും

Mail This Article
മുംബൈ ∙ മുംബൈയെയും നവിമുംബൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ വാശി പാലത്തിന്റെ ഒരുവശത്തേക്കുള്ള പാത 3 മാസത്തിനകം തുറന്നേക്കും. 73% ജോലികൾ പൂർത്തിയായതായി എംഎസ്ആർഡിസി അധികൃതർ അറിയിച്ചു. എതിർവശത്തേക്കുള്ള പാലം ഡിസംബറിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
സയൺ–പൻവേൽ ഹൈവേയിൽ, താനെ കടലിടുക്കിനു കുറുകെ, മുംബൈ നഗരത്തിന്റെ ഭാഗമായ മാൻഖുർദിൽ നിന്ന് നവിമുംബൈയിലെ വാശി വരെയാണ് പാലം. പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ആദ്യത്തെ പാലത്തിലൂടെ നിലവിൽ വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. രണ്ടാമത്തെ പാലത്തിലും തിരക്കേറിയതോടെയാണ് പുതിയ പാലം നിർമിക്കാൻ തുടങ്ങിയത്. നവിമുംബൈ വിമാനത്താവളം ഒന്നര വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്നതും പുതിയ പാലം നിർമിക്കാൻ കാരണമായി.
വരുന്നത് ആറുവരിപ്പാത
ഇരുവശത്തേക്കും മൂന്നുവരി വീതം ആറുവരി പാലമാണ് ഇപ്പോൾ നിർമിക്കുന്നത്. ഇതിൽ ഒരു വശത്തേക്കുള്ള മൂന്നുവരിയാണ് ജൂണിൽ തുറക്കാൻ ലക്ഷ്യമിടുന്നത്. അടുത്ത മൂന്നുവരി 6 മാസത്തിനു ശേഷവും. നിലവിലെ പാലത്തിനൊപ്പം പുതിയ പാലം കൂടി തുറക്കുന്നതോടെ ഒരു വശത്തേക്കു മാത്രം ആറുവരിയിലൂടെ ഗതാഗതം നടത്താനാകും.
കുരുക്ക് കുറയും
നിലവിൽ ഓഫിസ് സമയങ്ങളിൽ വാശി പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഉത്സവ വേളകളിലും തിരക്കേറെയാണ്. പുതിയ പാലം വരുന്നതോടെ സുഗമയാത്രയ്ക്ക് വഴിയൊരുങ്ങും.
വൈകിയോടുന്ന പദ്ധതി
2012ൽ ആസൂത്രണം ചെയ്തതാണ് ഈ പദ്ധതി. 2018ൽ എൽ ആൻഡ് ടി കമ്പനിക്ക് നിർമാണക്കരാർ ലഭിച്ചു. 3 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പരിസ്ഥിതി അനുമതി വൈകിയതോടെ പദ്ധതി നീണ്ടു. 2020 ജനുവരിയിൽ അനുമതി ലഭിച്ചെങ്കിലും കോവിഡിനെത്തുടർന്ന് പിന്നെയും വൈകി. 2020 ഒക്ടോബറിലാണ് നിർമാണം ആരംഭിച്ചത്.
ചെലവ് 559 കോടി
പാലത്തിന്റെ നിർമാണത്തിന് 559 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. 2020ലാണ് നിർമാണം ആരംഭിച്ചത്. 1.84 കിലോമീറ്ററാണ് കടലിനു കുറുകെയുള്ളത്.