ഗോവ-മുംബൈ ഹൈവേ; 466 കിലോമീറ്റർ പാത ജൂണിൽ തയാർ; 6 മണിക്കൂർ ലാഭം

Mail This Article
മുംബൈ ∙ ഗോവ- മുംബൈ ഹൈവേ പദ്ധതിയിൽ, സംസ്ഥാനത്തെ 466 കിലോമീറ്ററിന്റെ നിർമാണം ജൂൺ മാസത്തിനുള്ളിൽ പൂർത്തിയാക്കും. പൻവേലിനെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയാണിത്. 555 കിലോമീറ്റർ പാതയിൽ പൻവേൽ മുതൽ സിന്ധുദുർഗിലെ പാത്രദേവി വരെയുള്ള 466 കിലോമീറ്ററാണ് സംസ്ഥാനത്തുള്ളത്. പൻവേൽ, പെൺ, മഹാഡ്, ചിപ്ലുൺ, ഖേഡ്, രത്നാഗിരി, സംഗമേശ്വർ, സാവന്ത്‌വാഡി, കുഡാൽ, കങ്കാവ്‌ലി, രാജാപുർ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പാത ഗോവയിലെ പനജിയിലാണ് അവസാനിക്കുക.
2012ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ 3,500 കോടി രൂപയായിരുന്നു പദ്ധതിച്ചെലവായി നിശ്ചയിച്ചിരുന്നത്. പിന്നീട്, നിർമാണപ്രവർത്തനങ്ങൾ വൈകിയതോടെ ചെലവ് 7,500 കോടി രൂപയായി വർധിച്ചു. മുംബൈക്കും ഗോവയ്ക്കുമിടയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് ഉണർവേകുന്നതാണ് പാത. കൊങ്കണിലെ തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന പാതയോടു ചേർന്ന് ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്.
6 മണിക്കൂർ ലാഭം
പദ്ധതി പൂർത്തിയാകുന്നതോടെ, 6 മണിക്കൂറിനകം മുംബൈയിൽ നിന്ന് ഗോവയിലെത്താനാകും. നിലവിൽ 12 മണിക്കൂറോളം വേണ്ടിവരുന്ന യാത്രയാണിത്. ഇഴഞ്ഞുനീങ്ങുന്ന നിർമാണപ്രവർത്തനങ്ങളുടെ പേരിൽ ഏറെ പഴികേട്ട പദ്ധതിയുടെ കരാറുകാരനെതിരെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഏക്നാഥ് ഷിൻഡെ സർക്കാർ കേസെടുത്തിരുന്നു. എൻഎച്ച് 66ന്റെ ഭാഗമാണ് പാത. മഹാരാഷ്ട്ര, ഗോവ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കു പ്രയോജനപ്പെടുന്ന പാതയുടെ നിർമാണം വൈകിയതോടെ ഹൈക്കോടതിയും ഇടപെട്ടിരുന്നു. പൻവേലിൽ നിന്ന് കൊങ്കണിലൂടെ കടന്നുപോകുന്ന ആദ്യകാല പാതയാണ് നാലുവരിയായി വികസിപ്പിക്കുന്നത്.