തോപ്പുകളിൽ കഞ്ചാവ് വിൽപന; പ്രതി എക്സൈസിന്റെ പിടിയിൽ

Mail This Article
ചിറ്റൂർ∙ അതിർത്തിയിലെ കള്ള് ചെത്തുന്ന തോപ്പുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി എക്സൈസ് സംഘത്തിന്റെ പിടിയിൽ. മീനാക്ഷിപുരം എംജിആർ പുതൂർ ബുള്ളറ്റ് രാജ എന്നറിയപ്പെടുന്ന രാജേഷ് (38) ആണ് 2.18 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പിടിയിലായത്.
അതിർത്തി തോപ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് പാലക്കാട് ഇന്റലിജൻസ് ബ്യൂറോയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചിറ്റൂർ സർക്കിൾ എക്സൈസ് സംഘവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വിൽപന നടത്താനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്. മീനാക്ഷിപുരം എല്ലക്കാട് ഭാഗത്തുള്ള തെങ്ങിൻതോപ്പിനു സമീപം കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കടത്തികൊണ്ടുവന്ന കഞ്ചാവുമായി പ്രതി പിടിയിലായത്.
കഞ്ചാവ് വാങ്ങാനെത്തിയ രണ്ടുപേർ എക്സൈസ് സംഘത്തെ കണ്ട് ഓടി ഒളിച്ചു. പൊള്ളാച്ചി ഭാഗത്തു നിന്നും 30,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. ഇതിനു മുൻപും കഞ്ചാവ് പലതവണ കടത്തിയതുൾപ്പെടെ പ്രതിക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ടെന്നും ഓടിയ മറ്റു രണ്ടുപേരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്, എക്സൈസ് ഇൻസ്പെക്ടർ വി.അനൂപ്, പ്രിവന്റീവ് ഓഫിസർമാരായ സി.സെന്തിൽകുമാർ, കെ.എസ്.സജിത്ത്, ആർ.റിനോഷ്, എം.യൂനസ്, ഡ്രൈവർമാരായ സത്താർ, മുരളി തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
∙ അതിർത്തി മേഖല കേന്ദ്രീകരിച്ച് കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകൾ കഞ്ചാവിന്റെയും വ്യാജ കള്ളിന്റെയും സംഭരണ കേന്ദ്രങ്ങളാകുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ തോതിൽ കൊണ്ടുവരുന്ന കഞ്ചാവ് അതിർത്തി പ്രദേശങ്ങളിലെ ആളൊഴിഞ്ഞ ഭാഗത്ത് ശേഖരിച്ച് വയ്ക്കുകയും പിന്നീട് യുവാക്കളുടെ നേതൃത്വത്തിൽ ബൈക്കുകളിൽ ഊടുവഴികളിലൂടെ കടത്തി തെങ്ങിൻ തോപ്പുകളിൽ എത്തിക്കുകയുമാണ് പതിവത്രെ.
തമിഴ്നാട്ടിൽ നിന്നും വാങ്ങുന്നതിന്റെ എത്രയോ മടങ്ങ് കൂടുതൽ വിലയ്ക്കാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലെത്തിച്ച നൽകുമ്പോൾ ഇവർക്ക് കിട്ടുന്നത്. ഇവരുടെ പ്രധാന ഉപഭോക്താക്കൾ സ്കൂൾ, കോളജ് വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ്. ഇത്തരത്തിൽ കഞ്ചാവ് എത്തിക്കാൻ യുവാക്കളുടെ ഒരു വലിയ സംഘം തന്നെയുണ്ടെന്നും അധികൃതർ പറയുന്നു.
തോപ്പുകളിൽ കള്ള് ശേഖരിച്ചു വയ്ക്കുന്നത് സ്പിരിറ്റ് കലർത്തി ഉണ്ടാക്കുന്ന വ്യാജ കള്ളിനൊപ്പം കലർത്തി വിൽപന നടത്താനാണെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ഇങ്ങനെ പഴയ കള്ള് ചേർക്കുന്നതോടെ വ്യാജ കള്ളിന് യഥാർഥ കള്ളിന്റെ നിറവും മണവും ലഭിക്കുമെന്നതാണ് പ്രത്യേകത. അടുത്ത കാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം പിടിച്ചെടുത്ത സ്പിരിറ്റ് ഇത്തരത്തിൽ വ്യാജ കള്ള് ഉണ്ടാക്കാനാണെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.