ADVERTISEMENT

പാലക്കാട് ∙ പാളം കുറുകെ കടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വൻവർധന. ഈ വർഷം ഒക്ടോബർ വരെ മാത്രം പാലക്കാട് ഡിവിഷൻ പരിധിയിൽ 107 പേരുടെ ജീവനാണു ട്രാക്കിൽ പൊലി‍ഞ്ഞത്. കഴിഞ്ഞ വർഷം മരിച്ചവരുടെ എണ്ണം 104 ആയിരുന്നു. അപകടങ്ങൾ കൂടിയതോടെ കർശന നടപടികൾക്കൊരുങ്ങുകയാണു റെയിൽവേ. റോഡ് ഓവർ ബ്രിജുകളും സബ്‌വേകളും ഉപയോഗിക്കാതെ പാളം കടന്നു പോകുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.

പാളം കടക്കുന്നതു തടയാൻ വേലികളും മുന്നറിയിപ്പു ബോർഡുകളും റെയിൽവേ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എളുപ്പത്തിനായി പാളത്തിലൂടെ കടക്കുകയാണു പലരും. പാളത്തിൽ അതിക്രമിച്ചു പ്രവേശിക്കുന്നത് ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഈ വർഷം മാത്രം ട്രാക്കിൽ അതിക്രമിച്ചു കയറിയതിന്റെ പേരിൽ 1561 കേസുകളാണു റജിസ്റ്റർ ചെയ്തത്. അതിവേഗത്തിൽ ട്രെയിനുകളോടുന്ന പാതകളാണു പാലക്കാട് ഡിവിഷനു കീഴിലുള്ള ഭൂരിഭാഗവും. പോത്തന്നൂർ മുതൽ മംഗളൂരു വരെയുള്ള പ്രധാന പാതയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിലാണു ട്രെയിനുകൾ ഓടുന്നത്. മറ്റു പാതകളിലും മണിക്കൂറിൽ നൂറു കിലോമീറ്റർ വരെ വേഗമുണ്ട്.

മുൻപൊക്കെ പാളത്തിൽ നിന്ന് ആളുകളെ അകറ്റിനിർത്താൻ ട്രെയിൻ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്ദത്തിനു കഴിഞ്ഞിരുന്നു. വൈദ്യുതീകരണം പൂർത്തിയാക്കിയതോടെ  ഇലക്ട്രിക് എൻജിനുകൾക്കു ശബ്ദം കുറവാണ്. യാത്രാവണ്ടികൾക്കും ചരക്കുവണ്ടികൾക്കും പുറമെ ഈ പാതയിൽ പതിവായി കടന്നുപോകുന്ന ട്രാക്ക് മെയ്ന്റനൻസ് മെഷീനുകൾ, റെയിൽവേ മെറ്റീരിയൽ  ട്രെയിനുകൾ എന്നിവയ്ക്കും ശബ്ദം കുറവാണ്. അപകടം കുറയ്ക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണം റെയിൽവേയ്ക്കു വേണമെന്നു ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com