യുവാവിനെ കൊലപ്പെടുത്തി പുഴയിൽ കെട്ടിത്താഴ്ത്തിയ സംഭവം: 4 പേർ കൂടി അറസ്റ്റിൽ

Mail This Article
ചിറ്റൂർ ∙ യുവാവിനെ അടിച്ചുകൊന്ന് യാക്കരപ്പുഴയിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ. ഒരു മാസം മുൻപു കാണാതായ തത്തമംഗലം ആറാംപാടം കിഴക്കേക്കളം സുവീഷിന്റേതെന്ന് (20) കരുതുന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണു ബാക്കി 4 പ്രതികളെക്കൂടി ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുമ്പ് തിരുവാലത്തൂർ വി.ഋഷികേശ് (21), കാടാങ്കോട് സ്വദേശികളായ എസ്.ഹക്കിം (22), ആർ.അജയ് (21), തിരുനെല്ലായി പാളയം സ്വദേശി ടി.മദൻകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ കഴിഞ്ഞ ദിവസം കാടാങ്കോട് സ്വദേശി സുരാജ് (22), പിരായിരി പള്ളിക്കുളം സ്വദേശി ഷമീർ അലി (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
സുവീഷിനെ അടിച്ചുകൊന്നു പുഴയിൽ കെട്ടിത്താഴ്ത്തിയെന്ന സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം സുവീഷിന്റേതാണോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കും നടപടി തുടങ്ങി. ചെറിയ കോൺക്രീറ്റ് തൂണിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രതികൾക്കു സുവീഷുമായി സാമ്പത്തിക ഇടപാടും മറ്റു വൈരാഗ്യങ്ങളും ഉണ്ടായിരുന്നെന്നും ഇതാണു കൊലയ്ക്കു കാരണമെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ 5 പേർക്കെതിരെ ലഹരി ഉപയോഗത്തിനു വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോടിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വിശദാന്വേഷണത്തിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. പ്രതികളുടെ മൊഴിയും കാണാതായ സമയത്തു ധരിച്ചിരുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളുമാണു മൃതദേഹം സുവീഷിന്റേതെന്ന നിഗമനത്തിലെത്താൻ കാരണം. സുവീഷിന്റെ പ്രായത്തിലുള്ള യുവാവിന്റെതാണു മൃതദേഹമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന. ക്രൂരമായ അടിയേറ്റാണു മരണമെന്നും സൂചനയുണ്ട്. അടിയേറ്റ് എല്ലുകളടക്കം പൊട്ടിയ അവസ്ഥയിലാണ്. ഡിവൈഎസ്പി സി.സുന്ദരൻ, ഇൻസ്പെക്ടർ എ.ജെ.മാത്യു, സബ് ഇൻസ്പെക്ടർ എം.മഹേഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എ.മുഹമ്മദ് ഷെരീഫ്, എൻ.മഹേഷ്, പ്രദീപ്കുമാർ, മുകേഷ്, കണ്ണദാസ്, മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്
പ്രതികളായ ഷമീർ അലിയും ഹക്കീമും ജൂലൈ 19ന് തണ്ണീർപന്തലിൽ വച്ചു സുവീഷിനെ കാണുകയും ബൈക്കിൽ കയറ്റിക്കൊണ്ടുപോയി യാക്കരപ്പുഴയോരത്തു വച്ചു മർദിക്കുകയും ചെയ്തു. തുടർന്നു മറ്റു 4 പ്രതികളെക്കൂടി സംഭവസ്ഥലത്തേക്കു വിളിച്ചുവരുത്തി മർദനം തുടർന്നു.അടിയേറ്റ് അവശനിലയിലായ സുവീഷിനെ പുഴയോരത്ത് ഉപേക്ഷിച്ചു രാത്രിയോടെ 6 പ്രതികളും മടങ്ങി. അടുത്ത ദിവസം പ്രതി ഹക്കിം സ്ഥലത്തെത്തിയപ്പോഴാണു സുവീഷ് മരിച്ചു കിടക്കുന്നതു കണ്ടത്. തുടർന്നു സുരാജിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്നു മൃതദേഹം പുഴയിലേക്കിറക്കി ചതുപ്പിൽ കെട്ടിത്താഴ്ത്തി. പിന്നീട് തെളിവുനശിപ്പിക്കാൻ സുവീഷിന്റെ മൊബൈൽ ഫോൺ ദേശീയപാത വഴി കടന്നുപോകുന്ന ലോറിയുടെ മുകളിലേക്കിട്ടു. ഹക്കിം, ഷമീർ അലി എന്നിവരാണു കൊലപാതകത്തിന്റെ ആസൂത്രകരെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 19 മുതൽ സുവീഷിനെ കാണാതായെന്നാണു പരാതി.