മംഗലംഡാം ഇടതുകര കനാൽ തുറന്നു

Mail This Article
മംഗലംഡാം ∙ കർഷകരുടെ ആവശ്യപ്രകാരം രണ്ടാം വിള കൃഷിക്ക് മുന്നോടിയായി മംഗലംഡാം ഇടതുകര കനാൽ 5 സെ.മീറ്റർ തുറന്നു. രണ്ടാം വിളയ്ക്ക് ഞാറ്റടി തയാറാക്കാനും കൊയ്ത്ത് യന്ത്രം ഇറക്കാനും പാടങ്ങളിൽ വെള്ളമില്ലാത്ത സാഹചര്യത്തിലാണ് ഇടതുകര കനാൽ തുറന്നത്. വലതു കര കനാൽ തുറന്നിട്ടില്ല.
3400 ഓളം ഹെക്ടറിലാണ് മംഗലംഡാം കനാലുകളെ ആശ്രയിച്ച് കൃഷി ചെയ്യുന്നത്. 77.88 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 77.65 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മൂപ്പു കുറഞ്ഞ വിത്ത് ഇട്ട് കരുതലോടെ ഉപയോഗിച്ചാൽ നിലവിലെ സാഹചര്യത്തിൽ രണ്ടാം വിളയ്ക്ക് ആശങ്കപ്പെടാനില്ലെന്നാണ് ജലസേചന വകുപ്പിന്റെയും കണക്ക് കൂട്ടൽ. ഇതിന് കർഷകരുടെ സഹകരണം കൂടി ഉണ്ടാകണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വക്കാല -കിഴക്കഞ്ചേരി - വടക്കഞ്ചേരി - പുളിങ്കൂട്ടം - കണ്ണമ്പ്ര - പുതുക്കോട് - മണപ്പാടം വഴി കണക്കന്നൂർ വരെ 23 കിലോമീറ്റർ ഇടതു കരയും , ഒടുകൂർ, വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, തെന്നിലാപുരം, കഴനി ചുങ്കം പാടൂർ വഴി തോണിക്കടവ് വരെ 24 കിലോമീറ്റർ വലതു കരയുമാണ് മംഗലം കനാലുകളുടെ ദൈർഘ്യം.
കനാൽ തുറന്നെങ്കിലും വാലറ്റപ്രദേശങ്ങളിലേക്ക് വെള്ളമെത്താൻ ദിവസങ്ങളെടുക്കും. കനാലുകളും കാട ചാലുകളും വൃത്തിയാക്കലും ലീക്കുകൾ മാറ്റലും സമയബന്ധിതമായി ചെയ്തിട്ടില്ലെങ്കിൽ വെള്ളം തുറന്നു വിട്ടാലും വാലറ്റപ്രദേശങ്ങളിലേക്ക് പ്രയോജനം ലഭിക്കില്ല.