താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് ആരോപണം

Mail This Article
ചിറ്റൂർ ∙ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തിച്ച കുഞ്ഞിനെ പ്രാഥമിക പരിശോധന പോലും നടത്താതെ തിരിച്ചയച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്റെ നേതൃത്വത്തിലെത്തിയാണു പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലെത്തി പ്രതിഷേധമറിയിച്ചത്.ബുധനാഴ്ചയാണ് കണക്കമ്പാറ സ്വദേശികളായ ദമ്പതികളുടെ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുളിമുറിത്തൊട്ടിയിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളും അമ്മയും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിക്കുകയോ പ്രാഥമിക ശുശ്രൂഷ നൽകുകയോ ചെയ്തില്ലെന്നു പ്രതിഷേധക്കാർ ആരോപിച്ചു. ചികിത്സ നൽകുന്നതിനു പകരം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാനോ മറ്റേതെങ്കിലും ശിശുരോഗ വിദഗ്ധനെ കാണാനോ ആണു നിർദേശിച്ചത്. ഇതോടെ ഇവർ കുട്ടിയെയും കൊണ്ട് വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നടത്തേണ്ടി വന്നു. ഇതിനു ശേഷമാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്.
താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു തുടർച്ചയായി ഗുരുതര വീഴ്ചകളാണുണ്ടാകുന്നതെന്നു സുമേഷ് അച്യുതൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുരളി തറക്കളം, അബ്ദുൽ കലാം, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ.കിഷോർ കുമാർ, ജെ.അബ്ദുൽ ഖനി, മുരുകൻ, രവീന്ദ്രൻ, പപ്പൻ വിളയോടി, ശബരീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ആശുപത്രിയിലെത്തിയ ഉടൻ കുഞ്ഞിനെ പരിശോധിച്ചെന്നും നവജാത ശിശുവായതിനാൽ ശിശുരോഗ വിദഗ്ധനെ കാണാൻ നിർദേശിക്കുകയായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു. ചികിത്സ നൽകിയില്ലെന്ന ആരോപണം ശരിയല്ല.