കൊപ്പം, വിളയൂർ സമഗ്ര ശുദ്ധജല പദ്ധതി: ശുദ്ധജലവിതരണത്തിനു വീണ്ടും നിയന്ത്രണം

Mail This Article
വിളയൂര്‍ ∙ കൊപ്പം, വിളയൂര്‍ സമഗ്ര ശുദ്ധജല പദ്ധതിയില്‍ നിന്നുള്ള ശുദ്ധജലവിതരണത്തിനു വീണ്ടും നിയന്ത്രണം. വേനല്‍ കടുത്തതോടെയാണ് രണ്ടു പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഇടവിട്ട ദിവസങ്ങളിലായി നിയന്ത്രണം. പുഴയോര പഞ്ചായത്തുകളായ വിളയൂര്‍, കൊപ്പം പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് കടുത്ത ശുദ്ധജല ക്ഷാമം. രണ്ടു പഞ്ചായത്തുകളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ക്കുള്ള ദാഹജലത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്തുകളില്‍ എവിടെയും ശുദ്ധജലം കിട്ടാനില്ല. കുംഭം പിറന്നതോടെ തന്നെ കിണറുകള്‍ വറ്റി വരണ്ടു. വേനലില്‍ കിണറുകളും കുളങ്ങളും വറ്റിയാല്‍ ചെറുകിട ജലസേചന പദ്ധതികളായിരുന്നു ആശ്രയം. കനാല്‍ വഴിയും മറ്റും വെള്ളം പമ്പ് ചെയ്യുമ്പോള്‍ കിണറുകളില്‍ നീരുറവ ഉണ്ടാകും. എന്നാല്‍ ജലസേചന പദ്ധതികളും പ്രവര്‍ത്തനക്ഷമമല്ല. ഇതോടെ ഗ്രാമീണ മേഖലകളില്‍ കടുത്ത ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്. രണ്ടു പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമത്തിനു ആശ്വാസമേകും എന്ന് അവകാശപ്പെട്ടാണ് ജലജീവന്‍ മിഷന്‍ കൊപ്പം, വിളയൂര്‍ സമഗ്ര ശുദ്ധജല പദ്ധതി ആരംഭിച്ചത്.
എന്നാല്‍ പദ്ധതി തുടങ്ങി എന്നല്ലാതെ നാട്ടുകാര്‍ക്ക് പ്രയോജനം ഇല്ലെന്നാണ് പരാതി. ജലജീവന്‍ മിഷന്റെ പദ്ധതിയുടെ മോട്ടര്‍, പൈപ്പ് തകരാറുകള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ കയ്യൊഴികയാണ്. ശുദ്ധജല ക്ഷാമം നേരിടാന്‍ മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തില്‍ മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചായത്തുകളിലെ പൈപ്പ് പൊട്ടലും ജലച്ചോര്‍ച്ചയും പരിഹരിക്കണമെന്നും ശുദ്ധജലം വിതരണം ചെയ്യാന്‍ സാധിക്കാത്ത മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധ്യക്ഷന്മാരും ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ലെന്നാണ് ആരോപണം.