ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയ്ക്ക് വിഷുക്കൈനീട്ടമായി വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. താഴെ വെട്ടിപ്രത്ത് എസ്പി ഓഫിസ് കഴിഞ്ഞ് ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയായി നേരത്തെ ഉപയോഗിച്ചു വന്ന കെട്ടിടത്തിലാണ് ജില്ലയുടെ വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. സംസ്ഥാനത്ത് പുതിയതായി അനുവദിച്ച് 4 വനിതാ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണിത്. ഇടുക്കി, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റേഷനുകൾ. ജില്ല മുഴുവനാണ് അധികാര പരിധി. വനിതാ ഹെൽപ് ലൈനിനെ പുതിയ സ്റ്റേഷനിലേക്ക് ചേർത്തിട്ടുണ്ട്.

അടിസ്ഥാന സൗകര്യം

വാടക കെട്ടിടം ആണെങ്കിലും പൊലീസ് സ്റ്റേഷനു വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സിസിടിവിയും, കംപ്യൂട്ടറുകളും സ്ഥാപിച്ചു.  സ്റ്റേഷൻ ഹൗസ് ഓഫിസർക്കും മറ്റ് ജീവനക്കാർക്കും പ്രത്യേക മുറിയുണ്ട്.

താക്കോൽ കൈമാറി 

കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ ഉദ്ഘാടനം ഇല്ലാതെ ലളിതമായ ചടങ്ങോടെയാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യ വനിത സ്റ്റേഷൻ ഹൗസ് ഓഫിസർ ലീലാമ്മയ്ക്ക് സ്റ്റേഷന്റെ താക്കോൽ വീണാ ജോർജ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസ്, ഡിസിആർബി ഡിവൈഎസ്പി എ.സന്തോഷ് കുമാർ, അസിസ്റ്റന്റ് കമൻഡാന്റ് കെ. സുരേഷ്, പത്തനംതിട്ട സിഐ എസ്. ന്യൂമാൻ, വനിതാ സെൽ ഇൻസ്പെക്ടർ ഉദയമ്മ തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യേകതകൾ ഏറെ 

പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാം, ഇമെയിലിലും അയയ്ക്കാം. ഇ–മെയിൽ: showpspta.pol@kerala.gov.in. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾക്ക് മുന്തിയ പരിഗണന നൽകും.  സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി പൊലീസിനെ സമീപിക്കുന്നതിനുള്ള ആശ്രയമായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.

പീഡനം, പോക്സോ ആക്ട് കേസുകൾ തുടങ്ങിയ ഗുരുതരമായ അതിക്രമങ്ങളും മറ്റു കുറ്റകൃത്യങ്ങളും വളരെ പെട്ടെന്ന് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇരകൾക്ക് അതിവേഗം നീതി ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നതിനും പുതിയ സ്റ്റേഷന്റെ പ്രവർത്തനം ഉപകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു. ഭയാശങ്കകൾ ഇല്ലാതെ ഏതു സമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും കടന്നുവന്ന് ആവലാതികൾ നൽകാം.

അംഗബലം

ഒരു എസ് എച്ച് ഒ, 3 സബ് ഇൻസ്പെക്ടർമാർ, 4 സീനിയർ സിവിൽ പൊലീസ് ഓഫിസർ, 3 സിവിൽ പൊലീസ് ഓഫിസർ എന്നിവരെയാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇവിടെ ഉണ്ടാകുക.

വാഹനങ്ങൾ

4 വാഹനം പുതിയ വനിത സ്റ്റേഷനുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർക്കായുള്ള വാഹനത്തിന്റെ താക്കോൽ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ കൈമാറി. കൂടാതെ വനിതാ ഹെൽപ് ലൈനിന്റെ ജീപ്പും 2 ഇരുചക്രവാഹനങ്ങളും വനിതാ സ്റ്റേഷന് അനുവദിച്ചിട്ടുണ്ട്.

ഫോൺ 0468 2272100. വനിതാ സ്റ്റേഷൻ ഓഫിസർ 9497908530, ടോൾഫ്രീ നമ്പർ ആയ 1091, വനിതാ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറായ 112, ക്രൈം സ്റ്റോപ്പർ നമ്പറായ 1090 എന്നിവയിലേക്കും പൊതുജനങ്ങൾക്ക് വിളിച്ച് വനിതാ സ്റ്റേഷനിൽ നിന്നുള്ള സേവനം തേടാം.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com