നാടിന് പൊൻതൂവലായ പൊലീസിന് സല്യൂട്ട്

Mail This Article
പത്തനംതിട്ട ∙ ജില്ലയ്ക്ക് അഭിമാനമായി പത്തനംതിട്ട പൊലീസ് സ്റ്റേഷൻ. സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള 2019ലെ മുഖ്യമന്ത്രിയുടെ ട്രോഫി നേടിയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ജില്ലയ്ക്ക് അഭിമാനമായത്. 1963ലെ റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനം തുടങ്ങിയ സ്റ്റേഷൻ പരിമിതികളിൽ വലഞ്ഞതോടെ പുതിയ മൂന്നു നില കെട്ടിടം നിർമിച്ച് അവിടേക്കു മാറുകയായിരുന്നു.
പൊതുജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും അവരുടെ പരാതികൾക്ക് സമയബന്ധിതമായി തീർപ്പുണ്ടാക്കുന്നതിനും എസ്എച്ച്ഒ എസ്.ന്യൂമാന്റെ നേതൃത്വത്തിലുള്ള സ്റ്റേഷൻ മാതൃകയാകുന്നു. വർഷം തോറും 4500ൽ പരം കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്ന ഇവിടെ അതിൽ ബഹുഭൂരിപക്ഷത്തിലും തീർപ്പുണ്ടാക്കാൻ കഴിയുന്നു.
ഹെൽപ് ഡെസ്ക്, വിമൻ ഡെസ്ക്, സീനിയർ സിറ്റിസൻ ഹെൽപ് ഡസ്ക്, ജനമൈത്രി സംവിധാനം എന്നിവ പ്രവർത്തിക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുമായി എത്തുന്ന വീട്ടമ്മമാർക്ക് സ്റ്റേഷനിലേക്ക് എത്താതെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും വേണ്ടിയുള്ള ചൈൽഡ് ഫ്രണ്ട്‌ലി സ്പെയ്സ് സ്റ്റേഷനോടു ചേർന്നു പ്രവർത്തിക്കുന്നു.
സംസ്ഥാനത്ത് ആദ്യ ക്യൂആർ കോഡ് സംവിധാനത്തോടെയുള്ള തൊണ്ടിമുറി ക്രമീകരിച്ചത് ഇവിടെയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നഗരത്തിൽ പട്ടാപ്പകൽ നടന്ന ജ്വല്ലറി മോഷണത്തിനു തുമ്പുണ്ടാക്കാനും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ സമർഥമായി പിടികൂടാനും കാണിച്ച പ്രവർത്തനം പ്രത്യേകം പരിഗണിക്കപ്പെട്ടു.
ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ജി.ജയ്ദേവ്, ഡിവൈഎസ്പി കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്റെ വിജയക്കുതിപ്പ് നടന്നത്. ആ നിലവാരം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ഇവിടുത്തെ മുഴുവൻ സേനാംഗങ്ങളും.