അഭിമാനത്തൊപ്പി വനിതാ സ്റ്റേഷന്, എസ്എച്ച്ഒയ്ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

Mail This Article
പത്തനംതിട്ട ∙ ജില്ലയിലെ ഏകവനിത പൊലീസ് സ്റ്റേഷന് അഭിമാനവേള. സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒയ്ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. സ്റ്റേഷൻ ഹൗസ് ഓഫിസർ എ. ആർ. ലീലാമ്മയാണ് ആദരിക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ 14ന് വിഷുദിനത്തിൽ തുറന്നതു മുതൽ സ്റ്റേഷൻ ചുമതലയുള്ള ഈ തടിയൂർ സ്വദേശിനിയെ സർവീസിനിടെ ആദ്യമായാണ് അംഗീകാരം തേടിയെത്തുന്നത്.
ജില്ല മുഴുവൻ പരിധിയുള്ള ഈ സ്റ്റേഷനിൽ ആറു മാസത്തിനിടെ 562 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ ക്രൈം കേസുകൾ 10 എണ്ണവും പോക്സോ കേസ് രണ്ടും മാനഭംഗക്കേസ് മൂന്നെണ്ണവും ഉൾപ്പെടും. ജില്ല മുഴുവൻ പരിധിയുള്ളതിനാൽ വനിതകൾക്കും കുട്ടികൾക്കുമെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യണം.
പോക്സോ കേസുകളിലും രണ്ട് മാനഭംഗകേസുകളിലും കുറ്റവാളികളെ പിടികൂടി നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു.ഒരു സിഐ (എസ്എച്ച്ഒ), 2 എസ്ഐമാർ,ഒരു ഡ്രൈവർ എന്നിവരടക്കം 16 പേരാണ് ഇവിടെ ഉള്ളത്. ഒരു ജീപ്പ് മാത്രമാണ് ഉള്ളത് എന്നതും പിടികൂടുന്ന വനിതകളെ പാർപ്പിക്കാൻ സൗകര്യം ഇല്ലാത്തതുമാണ് പോരായ്മയായി ഉള്ളത്.
ജില്ലാ അതിർത്തികളിലും മറ്റും കേസ് അന്വേഷണത്തിന് പോകാൻ കൂടുതൽ വാഹനസൗകര്യം ഒരുക്കാൻ ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമൺ ശ്രമം ആരംഭിച്ചതായി എസ്എച്ച്ഒ പറഞ്ഞു.സ്വന്തം കെട്ടിടത്തിൽ ആവശ്യത്തിനു സൗകര്യങ്ങളോടെ പ്രവർത്തിക്കണമെന്ന ആഗ്രഹമാണ് സ്റ്റേഷനിലെ വനിതാ നിയമപാലകർക്ക് ഉള്ളത്.