ഏതുനിമിഷവും തകർന്നുവീഴാവുന്ന കെട്ടിടത്തിൽ ജോലിചെയ്ത് പുളിക്കീഴിലെ പൊലീസ് ഉദ്യോഗസ്ഥർ

Mail This Article
തിരുവല്ല ∙ ഏതുനിമിഷവും തകർന്നുവീഴാവുന്ന കെട്ടിടത്തിൽ ജോലിചെയ്ത് പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. പമ്പ ഷുഗർ ഫാക്ടറിയുടെ വളരെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മഴക്കാലമെത്തല്ലേ എന്നാണ് ഇവരുടെ പ്രാർഥന. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നനയാതെ നിൽക്കാൻ പാടുപെടേണ്ടി വരും. രേഖകൾ എല്ലാം നനയാതെ പലയിടത്തായി മാറ്റിവയ്ക്കണം.എസ്എച്ച്ഒയും ഇൻസ്പെക്ടറും മൂന്നു വനിത പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 32 ജീവനക്കാരാണ് രേഖകൾ അനുസരിച്ച് ഇവിടെയുള്ളത്. അതിൽ തന്നെ പലരും വർക്കിങ് അറേഞ്ച്മെന്റിൽ മറ്റിടങ്ങളിലാണ് ജോലി ചെയ്യുന്നത്. അതിനാൽ പലപ്പോഴും 25ൽ താഴെ ജീവനക്കാരെ ഇവിടെ ഉണ്ടാകാറുള്ളൂ.
വനിതാ ജീവനക്കാർക്ക് വിശ്രമ മുറിയോ പ്രത്യേകമായ ശുചിമുറി സൗകര്യമോ ഇല്ല. സ്റ്റേഷനിലേക്കും പുരുഷ ജീവനക്കാരുടെ റസ്റ്റ് റൂമിലേക്കുമായി ഒരു ശുചിമുറി മാത്രമാണ് ഉള്ളത്. പുരുഷജീവനക്കാർക്ക് വിശ്രമിക്കാൻ പഴയ കരിമ്പുകൃഷി ഗവേഷണ കേന്ദ്രത്തിന്റെ റസ്റ്റ്റൂമാണ് ഉപയോഗിക്കുന്നത്. ഇതിനുള്ളിൽ വിശ്രമിക്കുന്ന ജീവനക്കാർ പാമ്പുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട അവസ്ഥയിലാണ്. നാലു തവണയാണ് ഇതിനുള്ളിൽ നിന്ന് വിഷപാമ്പുകൾ എത്തിയത്. കാലവർഷത്തിൽ തകർന്ന ഇതിന്റെ ഭിത്തിയും വാതിലും ജനലുകളും ഇപ്പോഴും അതുപോലെ കിടക്കുകയാണ്.
താമസിക്കാൻ ക്വാർട്ടേഴ്സ് ഇല്ലാത്തതിനാൽ വാടകവീടുകളെയാണ് അകലെ നിന്ന് എത്തുന്ന ജീവനക്കാർ ആശ്രയിക്കുന്നത്. സ്റ്റേഷനിൽ എത്തുന്നവർക്കും കസ്റ്റഡിയിൽ എടുക്കുന്നവർക്കും ഇരിക്കുന്നതിനും കുടിവെള്ളത്തിനും പ്രാഥമികാവശ്യങ്ങൾ സാധിക്കാനും വേണ്ടത്ര സൗകര്യം ഇല്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു. പ്രതികളെ സൂക്ഷിക്കുന്നതിനു ലോക്കപ്പില്ല. സെൽ സൗകര്യം ഇല്ലാത്തതിനാൽ അടുത്ത കാലത്ത് 2 തവണയായി ഓരോ പ്രതികൾ ചാടിപ്പോയ ചരിത്രവും ഈ പൊലീസ് സ്റ്റേഷനുണ്ട്. രണ്ട് ജീപ്പുകളാണ് ഇവിടെ ഉള്ളത്. ഒരെണ്ണം മാത്രമാണ് കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നത്. ഒരു ജീപ്പ് പലപ്പോഴും തകരാറിലാണ്.
കസ്റ്റഡിയിലെടുത്ത വാഹനം സൂക്ഷിക്കാൻ ഇടമില്ലാത്തിടം
കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതാണ് മറ്റൊരു പ്രശ്നം.പിടികൂടിയ രണ്ട് വലിയ ടാങ്കറുകളും ഒരു മിനി ലോറിയും സ്റ്റേഷന്റെ മുൻപിൽ തന്നെ ഇട്ടിരിക്കുന്നത് വലിയ അസൗകര്യം ഉണ്ടാക്കുന്നുണ്ട്.നിലവിലുള്ള സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരമായി പമ്പ ഷുഗർ ഫാക്ടറിയുടെ ക്വാർട്ടേഴ്സുകൾക്ക് സമീപം വിട്ടുകിട്ടിയ ഭൂമിയിൽ പുതിയ പൊലീസ് സ്റ്റേഷനു വേണ്ടി കഴിഞ്ഞ മാർച്ച് 6ന് മുഖ്യമന്ത്രി തറക്കല്ലിട്ടു. മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ അലസതയാണ് കാണുന്നത്.എത്രയും വേഗം കെട്ടിടം പണി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.