ADVERTISEMENT

വടശേരിക്കര ∙ നിന്നു തിരിയാൻ സ്ഥലമില്ലാത്ത പൊലീസ് സ്റ്റേഷൻ. ശബരിമല തീർഥാടനത്തിന്റെ ഭാഗമായി വടശേരിക്കരയിൽ ആരംഭിച്ച താൽക്കാലിക പൊലീസ് സ്റ്റേഷന്റെ ദുസ്ഥിതിയാണിത്. തീർഥാടന കാലത്ത് എല്ലാ വർഷവും ഇവിടെ താൽക്കാലിക പൊലീസ് സ്റ്റേഷൻ തുറക്കാറുണ്ട്. മണ്ണാരക്കുളഞ്ഞി–പമ്പ പാതയിൽ മണ്ണാരക്കുളഞ്ഞി മുതൽ ളാഹ രാജാംപാറ വരെ റോഡിന്റെ ഇരുവശവും 25 മീറ്റർ വീതമാണു സ്റ്റേഷന്റെ പരിധി. ക്രമസമാധാന പാലനത്തിനു പുറമേ ഗതാഗതം അടക്കമുള്ള പ്രശ്നങ്ങളും തീർഥാടന കാലത്തു സ്റ്റേഷനിലുള്ള പൊലീസുദ്യോഗസ്ഥരുടെ ചുമതലയാണ്.  വടശേരിക്കര ഗവ. എൽപി സ്കൂളിന്റെ പഴയ കെട്ടിടത്തിലാണു സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 

വടശേരിക്കര പഞ്ചായത്തിന്റെ അധീനതയിലിരിക്കുന്ന കെട്ടിടത്തിൽ ഒരു ഭാഗം മിനി കമ്യൂണിറ്റി സെന്ററായി ഒരുക്കിയിട്ടുണ്ട്. ഇതിനകത്താണു സ്റ്റേഷൻ‌. അര ഭിത്തിയോടെ ഓടിട്ട കെട്ടിടമായിരുന്നു ഇത്.പഞ്ചായത്തിന്റെ ചുമതലയിൽ മേൽക്കൂര പൊളിച്ചു നീക്കി അലുമിനിയം ഷീറ്റുകൾ പാകിയിട്ടുണ്ട്. തുറന്നു കിടന്ന വശങ്ങളും ഷീറ്റുകളിട്ട് മറച്ചു. തറ ടൈൽ പാകുകയും ചെയ്തു. ഹാൾ രണ്ടായി തിരിച്ച് ഒരു ഭാഗത്താണു സ്റ്റേഷൻ. എസ്ഐ, 3 എഎസ്ഐ അടക്കമുള്ള 20 പൊലീസുകാർ ഒന്നിച്ചെത്തിയാൽ ഇതിനുള്ളിൽ‌ ഇരിക്കാനിടമില്ല. ബാക്കി ഭാഗം പൊലീസുകാർക്ക് വിശ്രമിക്കാനായി കട്ടിലുകളിട്ടിരിക്കുകയാണ്. അയ്യപ്പന്മാർക്കായി പുറത്തു നിർമിച്ചിട്ടുള്ള ശുചിമുറികളാണ് അവർ ഉപയോഗിക്കുന്നത്.

എല്ലാ വർഷവും തുറക്കുന്ന സ്റ്റേഷന് സ്ഥിരം കെട്ടിടം നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ടു കാലങ്ങൾ പിന്നിട്ടു. സ്ഥലത്തിന്റെ കുറവല്ല നിർമാണത്തിനു തടസ്സം. വടശേരിക്കരയിലെ സിഐ ഓഫിസിനു കെട്ടിടം പണിയുന്നതിനു വില്ലേജ് ഓഫിസിനോടു ചേർന്ന് 30 സെന്റ് ഭൂമി പിഐപി വിട്ടു കൊടുത്തിട്ടുണ്ട്. നിർ‌മാണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സിഐ ഓഫിസുകൾ നിർത്തലാക്കിയതിനു പിന്നാലെ നിർമാണം അനിശ്ചിതത്വത്തിലായി. ഇവിടെ പണിതിട്ടുള്ള ചെറിയ കെട്ടിടമാണു വനിത പൊലീസിന്റെ വിശ്രമ സ്ഥാനം. സർക്കാർ ഇടപെട്ട് ഇവിടെ ബഹുനിലയിൽ കെട്ടിടം പണിതാൽ സ്റ്റേഷനും പൊലീസുകാർക്കു വിശ്രമിക്കാനും ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com