1.48 കോടിയുടെ പദ്ധതി: പെരുനാട്ടിൽ ഉയരുന്നു, ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ കെട്ടിടം

Mail This Article
റാന്നി ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പെരുനാട്ടിൽ ഉയരുന്നത് ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ കെട്ടിടം. 3 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉണ്ടാകും. പെരുനാട് പഞ്ചായത്ത് ഓഫിസ് സമുച്ചയത്തിൽ പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്താണ് കെട്ടിട നിർമാണം പുരോഗമിക്കുന്നത്. 1.48 കോടി രൂപ ചെലവഴിച്ച് കേരള പൊലീസ് ഔട്ടിങ് കൺസ്ട്രക്‌ഷൻ കോർപറേഷനാണ് നിർമാണം നടത്തുന്നത്.
താഴത്തെ നിലയിൽ പാർക്കിങ് സൗകര്യം ഒരുക്കും. പുറമേ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമ സൗകര്യവും ഇവിടെ ക്രമീകരിക്കും. ഒന്നാം നിലയിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുക. ഇൻസ്പെക്ടർ, പ്രിൻസിപ്പൽ എസ്ഐ, ഗ്രേഡ് എസ്ഐമാർ എന്നിവർക്ക് പ്രത്യേക ഇരിപ്പിട സംവിധാനമുണ്ടാകും. ഓഫിസ് പ്രവർത്തിക്കുന്നതും ഇതിലാണ്. രണ്ടാം നില വനിത പൊലീസുകാർക്ക് അടക്കമുള്ള വിശ്രമ സൗകര്യത്തിനാണ് പ്രയോജനപ്പെടുത്തുക. ഡൈനിങ് റൂമും ഇവിടെയൊരുക്കും. പെരുനാട്, വടശേരിക്കര, നാറാണംമൂഴി എന്നീ പഞ്ചായത്തുകളുടെ ഭാഗികമായ പ്രദേശങ്ങൾ ഉൾപ്പെട്ട സ്റ്റേഷനാണിത്. തുടക്കത്തിൽ പെരുനാട് അമ്പലത്തിനു സമീപം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് പെരുനാട് ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം വാടക കെട്ടിടത്തിലായി പ്രവർത്തനം.
പെരുനാട് പഞ്ചായത്തിന്റെ കെട്ടിടത്തിലായിരുന്നു തുടർന്നുള്ള പ്രവർത്തനം. ആ കെട്ടിടം നിലനിന്നിരുന്ന സ്ഥലമാണ് സ്റ്റേഷന് പഞ്ചായത്ത് വിട്ടു കൊടുത്തത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയാണ് നിർമാണം നടത്തുന്നത്. കെട്ടിടം പണിയാൻ സ്ഥലമില്ലാത്താതായിരുന്നു ഇതുവരെയുള്ള തടസ്സം. ഇടക്കാലത്ത് റവന്യു വകുപ്പ് പിടിച്ചെടുത്ത മിച്ചഭൂമിയിൽ 30 സെന്റ് സ്റ്റേഷന് കൈമാറാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലത്തെ സംബന്ധിച്ച തർക്കംമൂലം നിർമാണം നടന്നില്ല.