ഇൻസ്പെക്ടർ കയർത്തു; എസ്ഐ സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയി, ആശങ്ക നീണ്ടത് മണിക്കൂറുകൾ
Mail This Article
കോഴഞ്ചേരി (പത്തനംതിട്ട) ∙ സഹപ്രവർത്തകർക്കു മുന്നിൽ വച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ കയർത്തു സംസാരിച്ചതിനെ തുടർന്ന് എസ്ഐ സ്റ്റേഷനിൽ നിന്നിറങ്ങിപ്പോയി. ചൊവ്വാഴ്ച ആറന്മുള പൊലീസ് സ്റ്റേഷനിലാണു സംഭവം. സ്വന്തം വാഹനമെടുത്ത് എസ്ഐ പുറത്തേക്കു പോയതോടെ സഹപ്രവർത്തകർ ആശങ്കയിലായി. ഏതാനും മണിക്കൂറുകൾ ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. മൊബൈലും ഓഫായിരുന്നു. തുടർന്ന് ഫോണിൽ ലഭ്യമായപ്പോൾ സഹപ്രവർത്തകർ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഭാഗത്തുനിന്ന് എസ്ഐയെ കണ്ടെത്തുകയായിരുന്നു. ഡിവൈഎസ്പി ഉൾപ്പെടെ സംഭവത്തിൽ ഇടപെട്ടു.
ഇൻസ്പെക്ടറുടെ മോശം പെരുമാറ്റവും സഭ്യേതര വാക്കുകളും എസ്ഐക്കു പ്രയാസമുണ്ടാക്കിയതിനാലാണ് ഇത്തരത്തിൽ ഇറങ്ങിപ്പോയതെന്ന വിമർശനം ജീവനക്കാർക്കിടയിലുണ്ട്. അതേസമയം എസ്എച്ച്ഒയുമായി ആശയ വിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും തർക്കമൊഴിവാക്കാൻ എസ്ഐ പുറത്തേക്കിറങ്ങിയതാണെന്നുമാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. മേലുദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടെന്നും പ്രശ്നം പരിഹരിച്ച് എസ്ഐയ്ക്ക് അനുകൂലമായ സ്ഥലംമാറ്റം നൽകുമെന്നുമാണു സൂചന.2 മാസമായി ആറന്മുള സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐയുടെ ഒഴിവുണ്ട്. അതിനാൽ ജോലിഭാരത്തിന്റെ പ്രശ്നമുണ്ട്.