അഴകിലും തലപ്പൊക്കത്തിലും മുന്നിൽ ഇന്ദ്രസെൻ; ആനത്താരത്തെ നടയിരുത്താൻ നിമിത്തമായത് എംടി

Mail This Article
ഗുരുവായൂർ∙ പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ വഴി ഗുരുവായൂരപ്പനു ചന്തം തികഞ്ഞൊരു ആനയെ കിട്ടി. വെറും ആനയല്ല, ഇന്നത്തെ ഗജരാജാക്കന്മാരിൽ ഒരാളായ ഇന്ദ്രസെൻ.എം.ടി. വാസുദേവൻ നായർ ഒരിക്കൽ മുംബൈയിൽ എത്തിയപ്പോഴാണ് ആനയെ നടയിരുത്താനുള്ള ആഗ്രഹം സുഹൃത്തായ വ്യാപാരി മീർചന്ദ്നി പ്രകടിപ്പിച്ചത്. നല്ലൊരു ആനക്കുട്ടിയെ അന്വേഷിച്ച എംടിക്ക് അദ്ദേഹത്തിന്റെ ജന്മദേശമായ കൂടല്ലൂരിൽത്തന്നെ ഇന്ദ്രസെന്നിനെ കണ്ടെത്താനായി.
ബിഹാറിലെ സോൺപൂർ മേളയിൽ നിന്നു കേരളത്തിലെത്തിയ ഇന്ദ്രസെൻ കൂടല്ലൂരിലായിരുന്നു. മീർചന്ദ്നിയെ വിവരമറിയിച്ചപ്പോൾ അദ്ദേഹം ആ ആനക്കുട്ടിയെ വാങ്ങി നടയിരുത്താൻ തീരുമാനിച്ചു. ഇന്ദ്രസെൻ ടി. മീർചന്ദ്നി എന്നായിരുന്നു എംടിയുടെ സുഹൃത്തിന്റെ മുഴുവൻ പേര്. അതിലെ ആദ്യഭാഗമാണ് ആനയ്ക്കു നൽകിയത്. അതുകൊണ്ടുതന്നെ പേരിലും ഇന്ദ്രസെൻ വ്യത്യസ്തനായി. അതുവരെ കേരളത്തിലെ ഒരു ആനയ്ക്കും ഇല്ലാത്തൊരു പേര്. 1979 സെപ്റ്റംബർ 24നാണ് ആനയെ ഗുരുവായൂരപ്പനു നടയിരുത്തിയത്. ആനയുടെ പേരു വിളിച്ചപ്പോൾ കേട്ടുനിന്നവർക്കെല്ലാം അതു കൗതുകമായി.
ആനയഴകിലും തലപ്പൊക്കത്തിലും മുന്നിലാണു ഗുരുവായൂരപ്പന്റെ ഗജശ്രേഷ്ഠനായ ഇന്ദ്രസെൻ. വീണെടുത്ത കൊമ്പുകളും അഴകുള്ള വാലും കടഞ്ഞെടുത്ത തുമ്പിക്കൈയും വലിയ ചെവിയും തേൻ നിറമുള്ള കണ്ണുകളുമായി പത്തടിയോളം ഉയരവും നല്ല നിലവുമുള്ള ഇന്ദ്രസെൻ ആനപ്രേമികളുടെ പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ 5 വർഷത്തിനിടെയാണ് ഇന്ദ്രസെൻ താരമായി മാറിയത്.ഗുരുവായൂരപ്പന്റെ ആനകളിൽ ഗജരാജൻ കേശവനും ഗജരത്നം പത്മനാഭനും വലിയകേശവനും കഴിഞ്ഞാൽ പ്രധാനികൾ നന്ദനും ഇന്ദ്രസെന്നുമാണ്.
303 സെന്റീ മീറ്ററാണ് ഉയരം. 5.8 ടൺ തൂക്കം. ജനനം 1972. ഇപ്പോൾ പ്രായം 50 കഴിഞ്ഞു. ശിങ്കൻ എന്ന കൃഷ്ണമൂർത്തിയാണ് ഇന്ദ്രസെന്നിനെ പൊന്നുപോലെ പരിചരിക്കുന്ന ചട്ടക്കാരൻ.ഫെബ്രുവരി 25നു കുംഭഭരണിക്കു മുളങ്കുന്നത്തുകാവ് വടകുറുമ്പക്കാവിൽ എഴുന്നള്ളിക്കാൻ ഭരണി വേലസമിതി 2.72ലക്ഷം രൂപയ്ക്കാണ് ഇന്ദ്രസെന്നിനെ ഏക്കത്തിന് എടുത്തത്. ആനകളുടെ ഏക്കത്തിൽ ഇതു റെക്കോർഡായിരുന്നു.