മുള്ളൻകൊല്ലിയിൽ ജനവാസകേന്ദ്രത്തിലൂടെ കടുവയുടെ ‘റൂട്ട്മാര്‍ച്ച്’

Mail This Article
മുള്ളന്‍കൊല്ലി ∙ പാതിരി വനപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടുവ കന്നുകാലികളെ പിടിച്ചതിനു പിന്നാലെ ഇന്നലെ പഞ്ചായത്തിനു നടുവിലൂടെ കടുവയുടെ റൂട്ട് മാര്‍ച്ച്. ടൗണിനടുത്തും പരിസരങ്ങളിലും കടുവയുടെ കാല്പാടുകള് വ്യക്തമാണ്. പച്ചിക്കരമുക്ക്, തറപ്പത്തുകവല, മുള്ളന്‍കൊല്ലി ടൗണ്‍ പരിസരം, ചേലൂര്‍, പുണ്യാളന്‍കുന്ന് എന്നിവിടങ്ങളിലാണ് കടുവ സാന്നിധ്യം തിരിച്ചറിഞ്ഞത്. പട്ടാണിക്കൂപ്പിലെ കൃഷിയിടത്തില്‍ കാട്ടുപന്നിയെ കൊന്നു തിന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇളംതുരുത്തിയില്‍ പോളിന്റെ തോട്ടത്തില്‍ നിന്നു പിടികൂടിയ പന്നിയെ 200 മീറ്ററോളം വലിച്ചിഴച്ച് വയലിലെത്തിച്ചാണു ഭക്ഷിച്ചത്. തലയും കാലുകളുമൊഴികെ മുഴുവന്‍ ഭക്ഷിച്ചു.
വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കര്‍ണാടക വനത്തില്‍ നിന്നിറങ്ങി ശശിമല കുന്നിലൂടെ തറപ്പത്തുകവല വഴിയാണ് കടുവയെത്തിയതെന്നു വനപാലകര്‍ സംശയിക്കുന്നു. കാടിറങ്ങിയ കടുവയെ ആരും നേരില്‍ കാണുകയോ, വളര്‍ത്തുമൃഗങ്ങളെ പിടിക്കുകയോ ചെയ്തിട്ടില്ല. രാത്രി പട്രോളിങ് വര്‍ധിപ്പിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വനപാലകര്‍ ലക്ഷ്യമിടുന്നത്. കാല്പാടുകള് കണ്ടെത്തിയ സ്ഥലങ്ങളില്‍ വനപാലകരും ജനപ്രതിനിധികളുമെത്തി അന്വേഷണം നടത്തി.ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വീടുകളുടെ സമീപത്തും തൊഴുത്തിലും മറ്റും വെളിച്ചസംവിധാനമൊരുക്കുന്നതും ഗുണകരമാണ്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
മുള്ളന്‍കൊല്ലി ∙ പഞ്ചായത്തില്‍ പലയിടത്തും കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യത്താല്‍ ജനം പൊറുതിമുട്ടുന്ന പ്രദേശമായി മുള്ളന്‍കൊല്ലി മാറുന്നതായി യോഗം വിലയിരുത്തി. പഞ്ചായത്തിലേക്ക് അനുവദിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
കടുവയെത്തിയ പ്രദേശങ്ങളിലും ആനശല്യമുള്ള പ്രദേശങ്ങളിലും രാത്രി കാവലും പട്രോളിങ്ങും ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
പ്രദേശത്തെ സ്ഥിതിഗതികള്‍ വനം മേധാവികളെ അറിയിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന് അധ്യക്ഷത വഹിച്ചു. പി.കെ.ജോസ്, ഷിനു കച്ചിറയില്‍, ഷിജോയി മാപ്ലശേരി, കെ.കെ.ചന്ദ്രബാബു, പി.എസ്.കലേഷ്, വര്‍ഗീസ് മുരിയന്‍കാവില്‍, പൗലോസ് പുന്നാടിയില്‍, രാജന് പാറക്കല്‍, ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.