‘വിദ്യാസമുന്നതി’ സ്കോളർഷിപ്: 50,000 രൂപ വരെ നേടാം, അവസാന തീയതി ജനുവരി 20
Mail This Article
സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർഥികൾ 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. കേരളത്തിലെ സംവരേണതര സമുദായങ്ങളിൽപ്പെട്ടവർക്കാണു സഹായം. വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്തുകിട്ടുന്ന യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈൽ ഉണ്ടാക്കിയിട്ടുവേണം അപേക്ഷ സമർപ്പിക്കുന്നത്. വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് പണമയയ്ക്കും. തുടർവർഷങ്ങളിലും പഠനത്തിനു സഹായം വേണ്ടവർ ഓരോ വർഷവും പുതിയ അപേക്ഷ സമർപ്പിക്കണം; പുതുക്കൽ രീതിയില്ല. ഓരോ വിഭാഗത്തിലും പരമാവധി എത്രപേർക്കു സ്കോളർഷിപ് നൽകുമെന്നു നിശ്ചയിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാർക്കു മുൻഗണന നൽകും. മുഖ്യമായും കേരളത്തിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണു സഹായം. കേരള സംസ്‌ഥാന മുന്നാക്കസമുദായക്ഷേമ കോർപറേഷൻ വഴിയാണ് സഹായവിതരണം. വിലാസം: L 2, കുലീന, ടിസി9 / 476, ജവാഹർ നഗർ, കവടിയാർ, തിരുവനന്തപുരം– 695 003; ഫോൺ: 0471–2311215; വാട്സാപ്: 6238170312; ഇ–മെയിൽ: kswcfc@gmail.com; വെബ്: www.kswcfc.org. സൂചനകൾ മാത്രം നൽകുന്നു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കാം. സംശയപരിഹാരത്തിന് കോർപറേഷൻ ഓഫിസുമായി ബന്ധപ്പെടാം.
(എ) സ്കൂൾ /കോളജ് /മെംബർഷിപ് പഠനത്തിന് 1. ഹൈസ്കൂൾ: സർക്കാർ, എയ്ഡഡ് സ്കൂൾ 8,9,10 ക്ലാസ് വിദ്യാർഥികൾക്കു പ്രതിവർഷം 2500 രൂപ. 2820 പേർക്ക്. മുൻ വാർഷികപരീക്ഷയിൽ 70% മാർക്കു വേണം. 2. ഹയർ സെക്കൻഡറി: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ 11,12 ക്ലാസ് വിദ്യാർഥികൾക്കു പ്രതിവർഷം 4000 രൂപ. 3176 പേർക്ക്. എസ്എസ്എൽസി പരീക്ഷയിൽ ബി+ ഗ്രേഡ് / 70% മാർക്കു വേണം. 3. ഡിപ്ലോമ/ സർട്ടിഫിക്കറ്റ്: സർക്കാർ, എയ്ഡഡ്, സ്വാശ്രയ, റിസർച് ആൻഡ് സയന്റിഫിക് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കു പ്രതിവർഷം 6000 രൂപ. 317 പേർക്ക്. എസ്എസ്എൽസി പരീക്ഷയിൽ ബി ഗ്രേഡ് / 60% മാർക്കു വേണം. 4. ബിരുദം: സർക്കാർ, എയ്ഡഡ്, സ്വാശ്രയ, റിസർച് ആൻഡ് സയന്റിഫിക് സ്ഥാപനങ്ങളിൽ പ്രഫഷനൽ ബിരുദകോഴ്സുകളിൽ പഠിക്കുന്നവർക്കു പ്രതിവർഷം 8000 രൂപയും, നോൺ–പ്രഫഷനൽ ബിരുദകോഴ്സുകളിൽ പഠിക്കുന്നവർക്കു പ്രതിവർഷം 6000 രൂപയും സഹായം. യഥാക്രമം 1133 / 3176 പേർക്ക്. പ്ലസ്ടു പരീക്ഷയിൽ 70% മാർക്ക് / തുല്യ ഗ്രേഡ് വേണം. അപേക്ഷിക്കുമ്പോൾ 35 വയസ്സ് തികയരുത്. കേരളത്തിനു പുറത്തെ സ്ഥാപനങ്ങളിൽ ദേശീയമത്സരപ്പരീക്ഷവഴി പ്രവേശനം കിട്ടിയവരെയും പരിഗണിക്കും. 5. പിജി ബിരുദം: സർക്കാർ, എയിഡഡ്, സ്വാശ്രയ, റിസർച് ആൻഡ് സയന്റിഫിക് സ്ഥാപനങ്ങളിൽ പ്രഫഷനൽ ബിരുദാനന്തരബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കു പ്രതിവർഷം 16,000 രൂപയും, നോൺ–പ്രഫഷനൽ ബിരുദാനന്തരബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കു പ്രതിവർഷം 10,000 രൂപയും സഹായം. യഥാക്രമം 80 / 530 പേർക്ക്. ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 60% മാർക്കും, ആർട്സ് / കൊമേഴ്സ് / നിയമം / മാനേജ്മെന്റ് / മെഡിക്കൽ ആൻഡ് ടെക്നിക്കൽ വിഷയങ്ങൾക്ക് 55% മാർക്കും വേണം. ഇന്റഗ്രേറ്റഡ് കോഴ്സുകാർക്ക് പ്ലസ്ടുവിന് 70% മാർക്കു വേണം. തുല്യ ഗ്രേഡ് ആയാലും മതി. അപേക്ഷിക്കുമ്പോൾ 35 വയസ്സ് തികയരുത് 6. പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പഠനത്തിന്: ഐഐടി, ഐഐഎം, എയിംസ്, ജിപ്മെർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എൻഐടി, ലോ യൂണിവേഴ്സിറ്റി, ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എൻഐഎഫ്ടി (ഫാഷൻ ഡിസൈൻ) മുതലായ പ്രമുഖ ദേശീയ സ്ഥാപനങ്ങളിലെ പഠനത്തിന് പ്രതിവർഷം 50,000 രൂപ വരെ 29 പേർക്കു സഹായം. അപേക്ഷിക്കുമ്പോൾ 35 വയസ്സ് തികയരുത്. 7. ഗവേഷണത്തിന് (പിഎച്ച്ഡി): കേരളത്തിലെ സർവകലാശാലകൾ, യുജിസി അംഗീകരിച്ച ഇന്ത്യയിലെ മറ്റു സർവകലാശാലകൾ എന്നിവയിലെ ഗവേഷകവിദ്യാർഥികൾക്ക് പ്രതിവർഷം 25,000 രൂപ സഹായം. 3 പേർക്ക്. കേരളത്തിനു പുറത്തെ സർവകലാശാലകളിൽ ദേശീയമത്സരപ്പരീക്ഷവഴി പ്രവേശനം കിട്ടിയവരെയും പരിഗണിക്കും. ബിരുദാനന്തരതലത്തിൽ 55% മാർക്കു വേണം. അപേക്ഷിക്കുമ്പോൾ 35 വയസ്സു തികയരുത്. 8. സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി: സിഎസിന് എക്സിക്യൂട്ടീവ് തലവും സിഎ / കോസ്റ്റ് അക്കൗണ്ടൻസി എന്നിവയ്ക്ക് ഇന്റർമീഡിയറ്റ് തലവും പൂർത്തിയാക്കി 4 വർഷം കഴിയാത്തവരാകണം. ഈ മെംബർഷിപ്പുകൾക്കു ബന്ധപ്പെട്ട ഔദ്യോഗിക ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ 32 പേർക്ക് പ്രതിവർഷം 10,000 രൂപ ലഭിക്കും. അപേക്ഷിക്കുമ്പോൾ 35 വയസ്സ് തികയരുത് നിലവാരമുള്ള സ്ഥാപനത്തിൽ പരിശീലിക്കണം. ഓൺലൈൻ പഠനത്തിനു സഹായമില്ല. അടച്ച പണം പിന്നീടു തിരികെത്തരുന്ന രീതിയാണ്. മത്സരപ്പരീക്ഷാ പരിശീലനത്തിനു കാണിച്ചിട്ടുള്ള തുക പരമാവധി എത്ര വരെയാകാമെന്നു സൂചിപ്പിക്കുന്നു. യഥാർഥത്തിൽ ചെലവാക്കിയ തുക അതിൽക്കുറവാണെങ്കിൽ അത്രയേ തിരികെക്കിട്ടൂ. 01.01.204 മുതൽ 31.12.2024 വരെയുള്ള സമയത്ത് പണമടച്ച അസ്സൽ രസീത് ഹാജരാക്കണം. മുൻപ് പരിശീലനസഹായം കിട്ടിയവർ അപേക്ഷിക്കേണ്ട.