ഭൂകമ്പത്തിനു പിന്നാലെ സജീവമായി അഗ്നിപർവതങ്ങൾ; 4,000ത്തിലധികം പേരെ ഒഴിപ്പിച്ചു, ഐസ്‌ലൻഡിൽ അടിയന്തരാവസ്ഥ
Mail This Article
ഭൂകമ്പത്തിനു പിന്നാലെ ഐസ്‌ലൻഡിൽ അഗ്നിപർവതങ്ങൾ സജീവമായിരിക്കുകയാണ്. അതിനാൽ അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്രിൻഡവിക് നഗരത്തിന് സമീപമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നഗരത്തിലെ റോഡിലും ഭൂമിയിലും വലിയ വിള്ളൽ രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് ഇവിടെനിന്നും 4000ത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്.
അഗ്നിപർവതം സജീവമായതിനു പിന്നാലെ നാല് കിലോമീറ്റർ ദൂരത്തിൽ ഭൂമി പിളർന്നതായി കോസ്റ്റ്‌ഗാർഡിന്റെ ഹെലികോപ്റ്റർ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിസ്ഫോടനം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ഐസ്‌ലൻഡ് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. കിഴക്കൻ സ്ലിൻഞ്ചർഫെല്ലിൽ ശക്തമായ അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയിൽ ഉണ്ടായ വിള്ളലുകളിൽ കാണപ്പെടുന്ന ലാവകളിൽ നിന്നും പുക ഉയരുന്നതുമായി ബന്ധപ്പെട്ട വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രിൻഡവിക് നഗരത്തിലെ വീടുകളിൽ വിള്ളലുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സമീപ പ്രദേശമായ ഹഗഫെല്ലിൽ ലാവ പറന്നൊഴുകുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു.